ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പരാതി ലഭിച്ചില്ലെങ്കിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കർശനനിർദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിൻ്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി നാഗരത്ന അംഗവുമായ ബെഞ്ചിൻ്റെ ഉത്തരവ്.
കർശന നടപടി ഉണ്ടായാൽ മാത്രമേ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്ത മതനിരപേക്ഷത സംരക്ഷിക്കാനാവുകയുള്ളു. 2022 ഒക്ടോബർ 11 ന് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ബാധകമാക്കിയാണ് വെള്ളിയാഴ്ചത്തെ സുപ്രധാന ഉത്തരവ്. മതം, ജാതി തുടങ്ങിയവയുടെ പേരിൽ സ്പർധ സൃഷ്ടിക്കൽ, മതവിശ്വാസങ്ങളോ വികാരങ്ങളോ വ്രണപ്പെടുത്തൽ, വധഭീഷണിയോ ഗുരുതര പരിക്കുകളോ ഉണ്ടാക്കുമെന്ന ഭീഷണിമുഴക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി വിവരം ലഭിച്ചാൽ പോലീസ് ഉടൻ കേസെടുക്കണം. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മതസമ്മേളനങ്ങളെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കൾ വിദ്വേഷവിഷം തുപ്പിയിട്ടും പല സംസ്ഥാനത്തും പോലീസ് ഉദാസീനത പുലർത്തുകയാണ്. ‘ഞങ്ങൾ ജഡ്ജിമാർക്ക് രാഷ്ട്രീയമില്ല. എല്ലാ പാർടികളും ഒരുപോലെയാണ്. ഭരണഘടനയും നിയമനടപടികളും കൃത്യമായി പാലിക്കപ്പെടണമെന്ന നിർബന്ധം മാത്രമാണ് കോടതിക്കുള്ളത്’– ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് ഷഹീൻ അബ്ദുള്ള എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.