തിരുവനന്തപുരം: എൻസിഇആർടി വെട്ടി മാറ്റിയ പാഠഭാഗങ്ങൾ കേരളം നിലനിർത്തണമെന്നത് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പൊതു വികാരം ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെത് മരണമെന്ന നിലയിൽ ചിത്രീകരിക്കുന്നതും ആർഎസ്എസ് നിരോധനം നീക്കം ചെയ്യുന്നതും എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി ചോദിച്ചു.
മുഗൾ രാജവംശത്തിൻ്റെ ചരിത്രം, വ്യാവസായിക വിപ്ലവം, പഞ്ചവത്സര പദ്ധതികൾ, പരിണാമ സിദ്ധാന്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെല്ലാം വെട്ടിമാറ്റലുകൾ ഉണ്ട്.
എൻസിഇആർടിയുമായുള്ള ധാരണാപത്രപ്രകാരം 11, 12 ക്ലാസുകളിൽ 44 പുസ്തകങ്ങൾ കേരളം ഉപയോഗിക്കുന്നുണ്ട്. ചരിത്രം, പൊളിറ്റിക്കൽ സയൻസ്,എക്കണോമിക്സ്, സോഷ്യോളജി എന്നീ പുസ്തകങ്ങളിൽ ആണ് വ്യാപകമായി വെട്ടിമാറ്റൽ നടന്നിട്ടുള്ളത്. വെട്ടി മാറ്റപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കണമെന്നതാണ് കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റി ചെയർമാൻ കൂടിയായ പൊതു വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.