തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും ഹബ്ബായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സന്തോഷമുള്ള ഒരു ദിവസമാണ്. നാടിൻ്റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികൾക്കും തുടക്കം കുറിക്കുകയാണ്. അതേസമയം പൂർത്തിയാക്കിയ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കപ്പെടുകയുമാണ്. ഇതിനായി രാജ്യത്തിൻ്റെ പ്രധാനമന്ത്രി തന്നെ എത്തിയിരിക്കുന്നു എന്നതിൽ നമുക്കെല്ലാവർക്കും അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഡിജിറ്റൽ സയൻസ് പാർക്ക്.
ഡിജിറ്റൽ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ മൾട്ടി ഡിസിപ്ലിനറി ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും യാഥാർത്ഥ്യമാക്കിയ കേരളത്തിൽ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിതമാവുന്നത് എന്നതിൽ നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സർക്കാർ പൂർണ്ണമായി മുൻകൈ എടുത്ത് നടപ്പാക്കുന്ന ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനമാണ്.
തിരുവനന്തപുരത്തെ ടെക്നോപാർക്കിൻ്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയോട് ചേർന്നു തന്നെയാണ് 1,500 കോടി രൂപ മുതൽമുടക്കിൽ 13.93 ഏക്കറിലായി ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാവുന്നത്. ഇതിനുള്ള പ്രാരംഭ മുതൽമുടക്ക് എന്ന നിലയിൽ 2022-23 ലെ ബജറ്റിൽ കേരള സർക്കാർ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻഡസ്ട്രി, ഡിജിറ്റൽ ആപ്ലിക്കേഷൻസ്, ഡിജിറ്റൽ ഓൺട്ര പ്യൂണർഷിപ്പ്, ഡിജിറ്റൽ ഡീപ് ടെക്ക് എന്നീ മേഖലകളിൽ പാർക്ക് ഊന്നൽ നൽകും.
ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾ ഈ പാർക്കിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമാകും. അവയ്ക്കൊക്ക ഇതിൻ്റെ ഗുണഫലങ്ങൾ ലഭ്യമാകുകയും ചെയ്യും. സയൻസ് പാർക്കിൻ്റെ വികസനവുമായി ബന്ധപ്പെട്ട് മാഞ്ചെസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ വിദേശ സർവ്വകലാശാലകൾ ഇതിനകം തന്നെ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിൽ നിന്നുതന്നെ ഈ പാർക്ക് രാജ്യത്തിൻ്റെയാകെ ഭാവിക്ക് മുതൽക്കൂട്ടാകും എന്നത് വ്യക്തമാണ്.
ഏതൊരു ആധുനിക സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയതും സൗകര്യപ്രദവുമായ പൊതുഗതാഗത സംവിധാനങ്ങൾ. കേരളത്തെ പോലെ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിനാകട്ടെ മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങൾ കൂടിയേ തീരൂ. ആ നിലയ്ക്ക് മാതൃകാപരമായ ഒരു പദ്ധതിയാണ് ഇന്ന് രാജ്യത്തിന് സമർപ്പിക്കപ്പെടുന്നത്, കൊച്ചി വാട്ടർ മെട്രോ. ഇത് രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്.
കേരള സർക്കാരിൻ്റെ നിക്ഷേപവും ജർമ്മൻ ഫണ്ടിങ് ഏജൻസിയായ കെ എഫ് ഡബ്യുവിൻ്റെ വായ്പയും ഉൾപ്പെടെ 1,136.83 കോടി രൂപ ചിലവു ചെയ്താണ് കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാകും. ഗതാഗത വിനോദസഞ്ചാര മേഖലകൾക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കൊച്ചിയുടെ കാർബൺ ബഹിർഗമനവും കുറയ്ക്കും. ആ നിലയ്ക്ക് കേരളത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് കൊച്ചി വാട്ടർ മെട്രോ വലിയ ഊർജ്ജമാണ് പകരുന്നത്.
പൂർണ്ണമായും കേരള സർക്കാരിൻ്റെ കീഴിലുള്ള പരിസ്ഥിതി സൗഹൃദമായ ഈ ജലഗതാഗത സംവിധാനം ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാൻ പോവുകയാണ്.
ഇതൊക്കെ ചെയ്യുമ്പോൾ തന്നെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ അനുഭവിക്കാത്തവരായി സമൂഹത്തിൽ ആരുംതന്നെ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ടു കൂടിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.