തിരുവാന്തപുരം: എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളും ഇത് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പടച്ചുവിട്ട ഒരു നുണക്കഥ കൂടി ചീറ്റിപ്പോയി. മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ വ്യാജ ആരോപണത്തിലെ SRIT എന്ന കമ്പനിയുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS) ക്ക് ഒരു ബന്ധവുമില്ലെന്ന് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ വാർത്താ ക്കുറിപ്പിൽ വ്യക്തമാക്കി. എ ഐ ക്യാമറ പദ്ധതിയുമായ ULCCS ന് ഒരു ബന്ധവുമില്ല. വ്യാജ ആരോപണക്കാർ ഉന്നയിച്ച പേരുകാരാരും ULCCS ഡയറക്ടർമാർ അല്ലെന്നും മാനേജിംഗ് ഡയറക്ടർ പറഞ്ഞു.
ബംഗളൂർ ആസ്ഥാനമായ എസ്.ആർ.ഐ.റ്റി. (SRIT India Pvt Ltd.) ഒരു ആശുപത്രി സോഫ്റ്റ്വെയർ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കിയിരുന്നു. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിൻ്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT-യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ല.
എന്നാൽ, കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളിൽൽ എസ്.ആർ.ഐ.റ്റി. എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റിൽ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും SRIT എന്നു കേൾക്കുന്നിടത്തെല്ലാം ULCCS-നെ കൂട്ടിക്കെട്ടാൻ മുതിരുന്നത്. SRIT അല്ല ULCCS SRIT. SRIT സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാൽ എസ്.ആർ.ഐ.റ്റി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാർത്ഥ എസ്ആർഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.
SRIT തന്നെ ഇക്കാര്യം വ്യക്തമാക്കിയത് മുമ്പ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. SRIT യുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ULCCS ന് ഒരു ബന്ധവുമില്ല. ഇക്കാര്യത്തിൽ ULCCS നെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങൾ പിൻവലിക്കണമെന്നും അത്തരം വാർത്ത നല്കിയ മാദ്ധ്യമങ്ങൾ വാർത്ത തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓൺലൈനിൽനിന്നടക്കം ഇത്തരംപരാമർശങ്ങൾ പിൻവലിക്കണമെന്നും മാനേജിംഗ് ഡയറക്ടർ ആവശ്യപ്പെട്ടു,.