തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ റോഡുകളിലെ നിയമ ലംഘനങ്ങൾക്ക് ഒരു പരിധി വരെ കുറവ് വന്നിട്ടുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെയുള്ള മൊബൈൽ ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികംപേരുടെ യാത്ര, ട്രാഫിക് ലൈൻ മറികടന്നുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിങ് എന്നിവയൊക്കെ തടയാൻ വേണ്ടിയാണ് സംസ്ഥാന മോട്ടോർവാഹന വകുപ്പ് എ ഐ ക്യാമറകൾ സ്ഥാപിച്ചത്.
എന്നാൽ യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി സജ്ജീകരിച്ച നിയമങ്ങളെ പോലും കാറ്റിൽ പറത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇന്ന് സമൂഹ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്യുന്നത് സ്വന്തം മകനെ ചാക്കിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത പിതാവിനെ കുറിച്ചാണ്. പച്ചക്കറിക്കടയിൽ നിന്ന് ഒരു ചാക്കും, പഴക്കുലത്തണ്ടും വാങ്ങി വിട്ടിലെത്തി പിഞ്ചുകുഞ്ഞിനെ ചാക്കിലാക്കി മുകളിൽ പഴക്കുലത്തണ്ടും വെച്ച് അത് തൻ്റെ ബൈക്കിൽ വെച്ച് യാത്ര ചെയ്യുന്ന പിതാവിൻ്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരവധി വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്വന്തം മക്കളെ പോലും ഉപയോഗിച്ചുകൊണ്ടുള്ള പ്രതിഷേധ അപാസങ്ങളാണ് നടക്കുന്നത്.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇത്തരത്തിൽ വീഡിയോ പ്രദർശിപ്പിച്ച പിതാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഏതൊരു നിയമത്തിനെതിരെയും പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ് എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കും ഒരു പരിധിയുണ്ട് എല്ലാ പരിധികളും ലംഘിച്ചുള്ള ഇത്തരം പ്രതിഷേധം കേരളം സമൂഹം തള്ളിക്കളയുക തന്നെ ചെയ്യും.