തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. 1136.83 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കേരളത്തിൻ്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണ്.
ഫേസ്ബുക് കുറിപ്പ്:
കേരളത്തിൻ്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണ്. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിൻ്റെ അഭിമാന പദ്ധതിയ്ക്ക് 1136.83 കോടി രൂപയാണ് ചിലവു വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.
പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കും. ഇതിൻ്റെ ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.