ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ തുറന്നുവിട്ട ഗുജറാത്ത് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ‘ഇന്ന് ബിൽക്കിസ് ബാനുവാണെങ്കിൽ നാളെ മറ്റാരുമാകാ’മെന്ന് കോടതി പറഞ്ഞു. ഒപ്പം കുറ്റവാളികളെ വിട്ടയച്ചതിൻ്റെ കാരണം വിശദമാക്കാനും രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.
പൊതുതാല്പര്യം കണക്കിലെടുത്താണ് കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകേണ്ടതെന്ന് പറഞ്ഞ കോടതി ആയിരത്തിലധികം ദിവസം പരോൾ അനുവദിച്ചത് ഏത് നയത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ആരാഞ്ഞു. സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയോടെ ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതികളെ മോചിപ്പിച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ പ്രതികൾ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മേയ് 2 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.