തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വരുത്താൻ തറവേലയുമായി മനോരമ. വിഷു ഉൾപ്പെടെയുള്ള ആഘോഷ ദിനങ്ങൾ കണക്കിലെടുത്ത് രണ്ടു മാസത്തെ പെൻഷനാണ് എൽ ഡി എഫ് ഗവൺമെന്റ് ഒരുമിച്ചു നൽകിയത്. ഇതിനാവശ്യമായ 1871 കോടി രൂപ സർക്കാർ നേരത്തേ തന്നെ അനുവദിക്കുകയും ചെയ്തു. ഏപ്രിൽ 10 ന് പെൻഷൻ വിതരണം ആരംഭിച്ചതുമാണ്. ഇതിനിടയിൽ ഒരു പൊയ് വെടി മനോരമ വെച്ചിരുന്നു. കേന്ദ്ര വിഹിതം അക്കൗണ്ടുകളിലെത്തി, സംസ്ഥാനം പെൻഷൻ വിതരണം തുടങ്ങിയില്ല എന്ന ഒരു പെരും നുണ. അത് വന്നപ്പോഴേ ചീറ്റി.
എന്നിട്ടും വിടാതെയാണ് ചൊവ്വാഴ്ചത്തെ അഭ്യാസം. പെൻഷൻ കേന്ദ്ര വിഹിതം ഇനി ഗുണഭോക്താവിൻ്റെ അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നേരിട്ടെത്തിക്കും എന്നൊരു ബോംബ് ഈയിടെ മനോരമയും ബിജെപിയും ചേർന്ന് പൊട്ടിച്ചിരുന്നു. സംസ്ഥാന സർക്കാർ പെട്ടു എന്നു മോഹിച്ചാണ് മനോരമാദി മാധ്യമങ്ങളും ബി ജെ പിയും കോൺഗ്രസുമൊക്കെ ആഹ്ളാദിച്ചത്. എന്നാൽ അത് ബൂമറാങ്ങായി. കേരളത്തിനിട്ടു വെച്ച വരുടെ മുഖത്തു തന്നെ വന്നിടിച്ചു. കേന്ദ്രം ഭീമമായ എന്തോ തരുന്നു എന്നായിരുന്നല്ലോ പ്രചാരണം. വാർധക്യ കാല പെൻഷൻ, വിധവ – ഭിന്നശേഷി പെൻഷൻ എന്നിവയ്ക്ക് മാത്രമേ നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിൻ്റെ (എൻ എസ് എ പി ) ഭാഗമായി കേന്ദ്ര വിഹിതം ഉള്ളൂ എന്ന വിവരം നാട്ടുകാരറിഞ്ഞു. അതു തന്നെ നിസ്സാര തുകയാണെന്നതും വെളിച്ചത്തായി. 4.7 ലക്ഷം ഗുണദോക്താക്കൾ മാത്രമേ ഈ വിഭാഗത്തിൽ ഉള്ളു. ഇനി കേന്ദ്രം കനിഞ്ഞനുവദിക്കുന്ന പെൻഷൻ തുക കൂടി നോക്കിക്കോളു.
വാർധക്യ കാല പെൻഷൻ – മാസം വെറും 200 രൂപ. 80 വയസ് കഴിഞ്ഞവർക്ക് 500 രൂപ. ഭിന്നശേഷി പെൻഷൻ – (80 ശതമാനവും അതിനു മുകളിലും വൈകല്യമുള്ളവർക്കു മാത്രം) 300 രൂപ. 80 വയസ് കഴിഞ്ഞാൽ 500 രൂപ. വിധവാ പെൻഷൻ – 300 രൂപ. 80 കഴിഞ്ഞാൽ 500 രൂപ. സാമൂഹ്യ സുരക്ഷാ പെൻഷനാകെ കേന്ദ്രത്തിൻ്റെ വകയാണെന്ന് പ്രചരിപ്പിച്ചു നടന്ന സംഘികൾ തലയിൽ മുണ്ടിടേണ്ട അവസ്ഥയിലായി.
അതുകൊണ്ടും തീർന്നില്ല. 2021 ജനുവരി മുതൽ ഇതുവരെ ഈയിനത്തിൽ സംസ്ഥാന സർക്കാരിന് കിട്ടേണ്ട വിഹിതം കേന്ദ്ര സർക്കാർ തന്നിട്ടില്ലെന്നതും ജനങ്ങൾ അറിഞ്ഞു. 483. 29 കോടി രൂപയാണ് കേന്ദ്രം കുടിശിക വരുത്തിയത്. കേന്ദ്ര വിഹിതം കിട്ടുന്ന ഗുണഭോക്താക്കൾക്ക് ആ തുക കഴിച്ചുള്ള പെൻഷൻ ഇതിനകം സംസ്ഥാന സർകാർ നൽകിക്കഴിഞ്ഞു. ബാക്കി മുഴുവൻ ഗുണഭോക്താക്കൾക്കും 3200 രൂപ വീതം നൽകി. കേന്ദ്ര സർക്കാർ കേരളത്തിലെ 4.7 ലക്ഷം പേർക്കു മാത്രം പെൻഷൻ വിഹിതം നൽകുമ്പോൾ സംസ്ഥാന സർക്കാർ 50.35, 946 പേർക്ക് സാമൂഹ്യ സുരക്ഷാപെൻഷൻ നൽകുന്നു. വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷനുകൾ കൂടിയാകുമ്പോൾ അത് 62 ലക്ഷമായി ഉയരുന്നു. ഇതിൽ സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോർഡുകളിലെ 6.73 ലക്ഷം ഗുണഭോക്താക്കൾക്ക് സർക്കാരാണ് പെൻഷൻ നൽകുന്നത്. പെൻഷൻ വിതരണമാകെ അവതാളത്തിലായെന്ന തോന്നൽ സൃഷ്ടിക്കുകയാണ് മനോരമയുടെ ഹീന ലക്ഷ്യം.