കെ ജി ബിജു
എം ശിവശങ്കറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചു നടത്തിയിരിക്കുന്ന പരാമർശങ്ങൾ മിതമായ ഭാഷയിൽ പറഞ്ഞാൽ അസംബന്ധമാണ്. “മുഖ്യമന്ത്രിയിൽ വൻസ്വാധീന”മെന്നാണ് മനോരമയുടെ ആഘോഷം. തങ്ങളുടെ ആരോപണം ഹൈക്കോടതി ശരിവെച്ചു എന്ന ആഹ്ളാദം പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടർക്കും. അതൊക്കെ മനസിലാക്കാം.
എന്നാൽ ഇത്തരം പരാമർശങ്ങൾ എന്തു തെളിവിൻ്റെ അടിസ്ഥാനത്തിലാണ് വിധിന്യായത്തിൽ കടന്നു കൂടിയത് എന്നും ചോദിക്കണമല്ലോ. പ്രത്യാഘാതങ്ങളെ ഭയക്കാതെ തന്നെ ആ ചോദ്യം വിധിയെഴുതിയ ന്യായാധിപനോട് ഉറക്കെത്തന്നെ ചോദിക്കണം. ഇത്തരം പരാമർശങ്ങൾ വിധിയിൽ കടന്നുകൂടാനിടയാക്കിയ സാഹചര്യങ്ങൾ ശിവശങ്കറിനോടെങ്കിലും വിശദീകരിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകർക്കും ബാധ്യതയുണ്ട്.
മുഖ്യമന്ത്രിയെക്കുറിച്ച് അനുചിത പരാമർശങ്ങൾ
ഭരിക്കുന്ന പാർടിയിലും വിശിഷ്യാ മുഖ്യമന്ത്രിയിലുമുള്ള വലിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരന് (ശിവശങ്കറിന്) കഴിയുമെന്ന് മുൻകൂട്ടി കാണാനാവുമെന്നാണ് വിധിയിലെ പരാമർശം (his propensity to tamper with the evidence and to influence witnesses could be foreseeable, since the petitioner is a person having very much influence in the ruling party of Kerala, particularly with the Chief Minister of Kerala).
ഭരിക്കുന്ന പാർടിയിലും മുഖ്യമന്ത്രിയിലും ശിവശങ്കറിന് അളവറ്റ സ്വാധീനമുണ്ടെന്ന് കോടതിയ്ക്ക് എങ്ങനെയാണ് ബോധ്യപ്പെട്ടതെന്നോ? ആദ്യത്തെ അറസ്റ്റിനും ജാമ്യത്തിനും ശേഷം പരാതിക്കാരനെ 2022 ജനുവരി ആറിന് തിരിച്ചെടുക്കുകയും ഗുരുതരമായ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം അവഗണിച്ചുകൊണ്ട് വിരമിക്കുന്നതുവരെ, സർക്കാരിന്റെ പരമപ്രധാനമായ ലാവണത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. ഈ കുറ്റകൃത്യത്തിന് മുമ്പുള്ള മുമ്പു ചെയ്തിട്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിയെ തെല്ലും ബാധിക്കാത്തത് സംസ്ഥാന സർക്കാരിൽ അദ്ദേഹത്തിനുള്ള പിടിപാടു കാരണമാണ്. (It is apposite to refer that even after his initial arrest and subsequent release on bail, the petitioner was reinstated in service w.e.f 6.1.2022 and he continued the same till his retirement holding pivotal post in the State of Kerala, ignoring his involvement in serious crimes. That is to say, his involvement in serious crimes prior to this crime, in no way affected his official stature because of his authority in the State Government- Para 43).
ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയ വിധിന്യായത്തിൽ നിന്ന്
കോടതിവിധിയിൽ പറയുമ്പോലെയാണോ കാര്യങ്ങൾ നടന്നത്? ആദ്യത്തെ കേസിൽ ശിവശങ്കറിന് ജാമ്യം കിട്ടി പിറ്റേ ദിവസം അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ചോ? “വരൂ ശിവശങ്കർ, എത്രയും വേഗം ഈ കസേരയിലിരുന്ന് പണി തുടങ്ങിക്കോളൂ” എന്നു പറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹത്തിന് സുപ്രധാനമായ ലാവണം വെച്ചു നീട്ടിയോ? ഇല്ലേയില്ല. നാൾവഴി നോക്കാം.
ഒന്നരക്കൊല്ലം നീണ്ട സസ്പെൻഷൻ
ശിവശങ്കറിനെ അറസ്റ്റു ചെയ്തത് 28-10-2020ന്. എല്ലാ കേസുകളിൽ നിന്നും ജാമ്യം കിട്ടി ജയിൽ മോചിതനായത് 2021 ഫെബ്രുവരി 3ന്. ആ മാസമോ ആ വർഷമോ ശിവശങ്കറിനെ സംസ്ഥാന സർവീസിൽ തിരിച്ചെടുത്തോ? ഇല്ലേയില്ല. രണ്ടാമത്തെ സസ്പെൻഷൻ്റെ കാലാവധി 2021 സെപ്തംബർ ആറു വരെയായിരുന്നു. ആ ദിവസം വരെയും അദ്ദേഹം സസ്പെൻഷനിൽത്തന്നെ തുടർന്നു.
അപ്പോൾ ചോദിക്കും, 2021 സെപ്തംബർ ഏഴിന് സസ്പെൻഷൻ പിൻവലിച്ചോയെന്ന്. ഇല്ലെന്നു പറഞ്ഞാൽ ഇല്ല. സസ്പെൻഷൻ വീണ്ടും 120 ദിവസത്തേയ്ക്കു കൂടി നീട്ടി ഉത്തരവിറങ്ങി. മുഖ്യമന്ത്രിയിലും സർക്കാരിലും ഭരിക്കുന്ന പാർടിയിലും അളവറ്റ സ്വാധീനവും പിടിപാടുമുള്ള എം ശിവശങ്കർ, ജയിൽ മോചിതനായതിനു ശേഷവും പതിനൊന്നു മാസം സസ്പെൻഷനിൽ നിന്നു.
ശിവശങ്കറിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ ഗൗരവം സർക്കാർ കണക്കിലെടുത്തു എന്നതിന് ഇതിൽക്കൂടുതൽ എന്തു തെളിവു വേണം? ഏതു സാഹചര്യത്തിലാണ് സർക്കാരിന് സസ്പെൻഷൻ പിൻവലിക്കേണ്ടി വന്നത്? ശിവശങ്കറിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ അക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
ശിവശങ്കറിനെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ നിന്ന്
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികൾ സംബന്ധിച്ചുള്ള ചട്ടമനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷം വരെ മാത്രമേ സസ്പെൻഷനിൽ നിർത്താനാവൂ. അതിനുശേഷം സസ്പെൻഷൻ നീട്ടണമെങ്കിൽ അധികാരം കേന്ദ്രസർക്കാരിനാണ്. അനുസരിച്ച് സസ്പെൻഷൻ നീട്ടുന്നതിന് കേന്ദ്രസർക്കാരിന് കേരളം കത്തെഴുതി. എന്നാൽ കേന്ദ്ര സർക്കാർ ആ ആവശ്യത്തോട് പ്രതികരിച്ചതേയില്ല. ശിവശങ്കറിനെ തിരിച്ചെടുത്തുകൊണ്ടുള്ള 4-1-2022ലെ GO(RT) No.44/2022/GAD ഉത്തരവിന്റെ ആദ്യ ഖണ്ഡികയിൽത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്: “On expiry of one year of suspension, Government of India was consulted for the continuation of suspension beyond one year. Clarifications sought by Government of India were also furnished. No further decision in the matter has been communicated by Government of India.”
ശിവശങ്കറിൻ്റെ സസ്പെൻഷൻ നീട്ടാൻ തന്നെയായിരുന്നു സംസ്ഥാന സർക്കാരിൻ്റെ താൽപര്യം എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. പക്ഷേ, നിയമപരമായി അതിനുള്ള അധികാരം കേന്ദ്രസർക്കാരിനു മാത്രമേ ഉള്ളൂ. അക്കാര്യം കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. ഒരു മറുപടിയും കിട്ടിയില്ല. അപ്പോഴേയ്ക്കും സസ്പെൻഷൻ ഒരു വർഷവും അഞ്ചു മാസവും പിന്നിട്ടിരുന്നു. ഈ സാഹചര്യത്തിൽ സസ്പെൻഷൻ പുനപ്പരിശോധിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ പുനപ്രവേശിപ്പിക്കുകയുമാണ് ചെയ്തത്.
ഇതാണ് വസ്തുത.
ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്കെതിരെ തികച്ചും നിരുത്തരവാദപരമായ പരാമർശങ്ങൾ വിധിയിൽ കടന്നു കൂടിയത്. ഇവിടെ രണ്ടു ചോദ്യങ്ങൾ ഉണ്ട്. ഒന്ന്, ഇക്കാര്യങ്ങൾ എം ശിവശങ്കറിൻ്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നോ? രണ്ട്, ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബഹുമാനപ്പെട്ട ന്യായാധിപൻ, അതെല്ലാം അവഗണിച്ചുകൊണ്ട് ഈ പരാമർശങ്ങൾ എഴുതിപ്പിടിപ്പിക്കുയായിരുന്നോ? എങ്കിൽ അതിന്റെ ഉദ്ദേശമെന്താണ്? സാമാന്യം നല്ല ഫീസു വാങ്ങിയായിരിക്കുമല്ലോ കേസ് വാദിച്ചിട്ടുണ്ടാവുക. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകരാണ് വിശദീകരിക്കേണ്ടത്.
അന്ന് നശിക്കാത്ത തെളിവെങ്ങനെ ഇപ്പോൾ നശിക്കും?
അടുത്ത പ്രശ്നം, അദ്ദേഹം തെളിവു നശിപ്പിക്കുമെന്ന കോടതിയുടെ ആശങ്കയാണ്. 2022 ജനുവരി ആറിനാണ് കായിക യുവജനക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തത്. 31-1-2023ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. ഒരു വർഷവും ഇരുപത്തഞ്ചു ദിവസം നീണ്ട കാലാവധി. മുഖ്യമന്ത്രിയിലും സർക്കാരിലും ശിവശങ്കറിന് അളവറ്റ സ്വാധീനമുണ്ടെന്നാണല്ലോ കോടതി നിരീക്ഷണം.
സർവീസിലിരിക്കെ, പദവിയും സ്വാധീനവും ഉപയോഗിച്ച് ലൈഫ് മിഷൻ കോഴക്കേസിലെ തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ രണ്ടിനും കൂടിയോ ശിവശങ്കർ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന് ആരോപണമുണ്ടോ? ഇല്ലേയില്ല. അങ്ങനെ ഒരാരോപണവും പ്രോസിക്യൂഷൻ ശിവശങ്കറിനെതിരെ ഉന്നയിച്ചിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറിയായി സർവീസിൽ ഇരുന്ന് നശിപ്പിക്കാൻ കഴിയാത്ത ഏത് തെളിവാണ് വിരമിച്ച ശിവശങ്കർ നശിപ്പിക്കുക?
സർവീസിലിരിക്കുന്ന ശിവശങ്കർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നു പറഞ്ഞാൽ കേൾക്കാനൊരിമ്പമുണ്ട്. വിരമിച്ച ശിവശങ്കറിൻ്റെ സ്വാധീനവലയത്തിൽ ഏത് സാക്ഷിയാണ് സർ, തല കുത്തി വീഴുക? ന്യായാധിപന് ബോധ്യമാകുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും തന്നെയാണ് വിധിയിൽ പരാമർശിക്കേണ്ടത്. പക്ഷേ, അത് മറ്റുള്ളവരുടെ സാമാന്യബുദ്ധിയ്ക്കു കൂടി നിരക്കേണ്ടതല്ലേ.
തികച്ചും ഉദാസീനമാണ് ന്യായാധിപന്റെ സമീപനമെന്ന് ഈ രണ്ടുദാഹരണങ്ങളും തെളിയിക്കുന്നുണ്ട്. നീതിനിർവഹണത്തിൽ മാധ്യമസൃഷ്ടിയായ മുൻവിധി ആധിപത്യം ചെലുത്തിയാൽ ഇതും ഇതിലപ്പുറവും സംഭവിക്കും. വിധിയിലെ ഓരോ വാക്കിനും അർത്ഥവും ആഴവുമേറെയാണ്. എല്ലാ തെളിവും ഇഴകീറി പരിശോധിച്ച്, വസ്തുതകളെ അങ്ങേയറ്റം സത്യസന്ധമായി വിലയിരുത്തിയാണ് ഓരോ ന്യായാധിപനും നിഗമനങ്ങളിലെത്തിച്ചേരുക എന്നാണ് സാമാന്യജനം പ്രതീക്ഷിക്കുക. ആ പ്രതീക്ഷയാണ് നീതിനിർവഹണ സംവിധാനത്തിൽ പൗരന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്. ആ ഭൂതക്കണ്ണാടി ഉപയോഗിച്ച് ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്ന ഉത്തരവു വായിക്കുന്നവർ നെറ്റി ചുളിക്കുക തന്നെ ചെയ്യും.
വിചാരണയ്ക്കു മുമ്പേ കുറ്റവാളിയാക്കിയോ?
“His involvement in serious crimes prior to this crime, in no way affected his official stature because of his authority in the State Government”. വിധിയിലെ ഒരു വാചകമാണിത്. ഈ കുറ്റകൃത്യത്തിന് മുമ്പും മറ്റു ഗുരുതരമായ കുറ്റകൃത്യത്തിൽ ഇയാൾക്കുള്ള (ശിവശങ്കറിന്) പങ്കാളിത്തം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഔന്നിത്യത്തിനെ ഒരുതരത്തിലും ബാധിക്കാത്തതിന് കാരണം സർക്കാരിൽ അയാൾക്കുള്ള പിടിപാടാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.
ഇങ്ങനെയൊക്കെ ഒരു വിധിയിൽ എങ്ങനെയാണ് എഴുതാവുക എന്ന് അത്ഭുതം കൂറുകയേ നിവൃത്തിയുള്ളൂ. ഈ കുറ്റകൃത്യത്തിലോ വേറെ ഏതെങ്കിലും കുറ്റകൃത്യത്തിലോ ശിവശങ്കറിന് പങ്കുണ്ടെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വിചാരണയ്ക്കു ശേഷം കോടതിയല്ലേ പ്രഖ്യാപിക്കേണ്ടത്. വിചാരണയും വിധിയുമൊന്നുമില്ലാതെ ജാമ്യാപേക്ഷ നൽകിയ പരാതിക്കാരനെ, ഒട്ടേറെ കുറ്റകൃത്യത്തിലെ പങ്കാളിയായി ചിത്രീകരിച്ചു വെച്ചിരിക്കുകയാണ് ഒരു ന്യായാധിപൻ. കുറ്റാരോപിതൻ എന്നു പറഞ്ഞാൻ ശരി. പക്ഷേ, His involvement in serious crimes എന്നൊക്കെ എഴുതുമ്പോൾ, ആ പങ്കാളിത്തം കോടതിയ്ക്കു മുന്നിൽ സംശയാതീതമായി തെളിയിച്ചിരിക്കേണ്ടതല്ലേ. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ. പിന്നെ ഈ പരാമർശത്തിൽ എന്തു യുക്തി? എന്തു നീതി?
യുവറോണർ, ആ പ്രൊസീഡ്സ് ഓഫ് ക്രൈമല്ല, ഇത്
എന്തു വിധി പറയണം, ഏതു തെളിവിന് മുൻഗണന കൊടുക്കണം എന്നതൊക്കെ ന്യായാധിപന്റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യങ്ങൾ തന്നെയാണ്. പുറത്തൊരാളിനും അതിൽ ഇടപെടാൻ അധികാരമില്ല. സംശയമില്ല തന്നെ. എന്നാൽ ഈ അധികാരവും ചുമതലയും ഏകപക്ഷീയമായോ അങ്ങനെ തോന്നും വിധമോ പ്രയോഗിക്കാനും പാടില്ലല്ലോ.
കോടതി മുമ്പാകെ എം ശിവശങ്കർ ഉന്നയിച്ച ഒരു പ്രധാനം proceeds of crimeനെക്കുറിച്ചാണ്. എസ്ബിറ്റി തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടുകെട്ടിയ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള ലൈഫ് മിഷൻ കോഴയാണ് എന്നാണല്ലോ ആരോപണം. ഈ പണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ശിവശങ്കറിന്റെ വാദം (No evidence is stated to show for whether the petitioner has demanded, seen, or touched or handled or transferred or at least knew about the money parked at her locker. The petitioner was never aware of the existence of such money or ever possessed the same).
മാത്രമല്ല, എൻഐഎ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലെ അതേ പ്രൊസീഡിംഗ്സ് ഓഫ് ക്രൈം ആണ് ഈ കേസിലും മുന്നോട്ടു വെച്ചിരിക്കുന്നത് എന്നും അദ്ദേഹം വാദിച്ചു. ( It is submitted that the allegation herein is also exactly the same and the same proceeds of crime is projected as the proceeds of crime in this case also) എന്നാൽ പണം ശിവശങ്കറിന്റെ കൈക്കൂലിയാണെന്ന നിലപാടിലുറച്ചു നിന്നു ഇഡി.
ഈ വാദം കോടതി പരിശോധിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഇത്തരം സൂക്ഷ്മായ കാര്യങ്ങൾ പരിശോധിക്കാനാവില്ലെന്നും അത് ഉചിതമായ ഘട്ടത്തിലേയ്ക്ക് മാറ്റി വെയ്ക്കുന്നു എന്നുമായിരുന്നു കോടതിയുടെ നിലപാട്. അതിൽ തെറ്റൊന്നും പറയാനുമാവില്ല. കോടതി പറഞ്ഞതിങ്ങനെ : Since this Court is considering bail plea at the instance of the petitioner in the instant crime on scrutiny of the relevant materials in the present case, this Court cannot consider the said aspect without going into niceties of the facts of the two cases in detail. Therefore, I leave the said question to be decided at an appropriate stage after referring all the materials B.A.No.2166/2023 26 in both these crimes meticulously.
എന്നാൽ പ്രൊസീഡ്സ് ഓഫ് ക്രൈം സംബന്ധിച്ച പ്രോസിക്യൂഷൻ നിലപാടിനെ യുക്തിഭദ്രമായും വസ്തുതാപരമായും കീറി മുറിക്കുന്നതിൽ ഈ നിലപാട് തടസമേയല്ല. സ്വപ്നയുടെ പേരിൽ എസ്ബിടിയിൽ ലോക്കറെടുക്കാൻ സ്വന്തം ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ചുമതലപ്പെടുത്തിയതും 35 ലക്ഷം രൂപ നിക്ഷേപിക്കുന്ന കാര്യം ചാറ്റിൽ പരാമർശിച്ചതുമൊക്കെയാണ് ശിവശങ്കറിനെതിരെയുള്ള തെളിവുകളായി ഇഡി ചൂണ്ടിക്കാട്ടുന്നത്.
ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരം എസ്ബിടിയിൽ വേണുഗോപാലിന്റെ സഹായത്തോടെ ലോക്കർ തുറന്നതും പണം നിക്ഷേപിച്ചതും 2018 നവംബറിലാണ്. ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള ചാറ്റ് കാണുക. നവംബർ 24 മുതലാണ് അവർ ഇതേക്കുറിച്ച് സംസാരിക്കുന്നത്.
സ്വപ്നയ്ക്ക് ലോക്കറെടുക്കുന്നതിനെക്കുറിച്ച് ശിവശങ്കറും വേണുഗോപാലും നടത്തിയ ചാറ്റ്
( വിധിയുടെ കളി നോക്കൂ. 2018 നവംബർ 27നാണ് ലോക്കറിൻ്റെ കാര്യത്തിൽ ശിവശങ്കർ ഓകെ പറയുന്നത്. കൃത്യം രണ്ടുകൊല്ലം കഴിഞ്ഞുള്ള നവംബർ 27ന് ഈ ലോക്കറിലെ പണം ശിവശങ്കറിൻ്റേതാണ് എന്ന മൊഴി സ്വപ്ന നൽകി)
ലോക്കറും അതിൽ പണം നിക്ഷേപിച്ചതും സംബന്ധിച്ച് വേണുഗോപാൽ വിശദമായ മൊഴി ഇഡിയ്ക്കു നൽകിയിട്ടുണ്ട്. സ്വപ്നയ്ക്ക് കോൺസുലേറ്റിലെ ബോസ് നൽകിയ പണമാണ് എന്നാണവർ തന്നോട് പറഞ്ഞത് എന്നാണ് വേണുഗോപാലിൻ്റെ മൊഴി. പണവുമായി ശിവശങ്കറും സ്വപ്നയുമായി തൻ്റെ വീട്ടിലെത്തിയ കാര്യമൊക്കെ ഈ മൊഴിയിലുണ്ട്. 30 ലക്ഷം രൂപ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാനായിരുന്നു എന്നും വേണുഗോപാൽ ഇഡിയോടു പറഞ്ഞിട്ടുണ്ട്. ആ ഭാഗമാണ് ചുവടെ.
30 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റു ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യത്തെക്കുറിച്ച് വേണുഗോപാൽ ഇഡിയോട്
ശിവശങ്കറിൻ്റെ സാന്നിദ്ധ്യത്തിലാണ് 30 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റാക്കണമെന്ന ആവശ്യം സ്വപ്ന വേണുഗോപാലിനോട് ഉന്നയിക്കുന്നത്. കള്ളക്കടത്തു നടത്തി സമ്പാദിച്ച പണമാണെങ്കിൽ, മറ്റൊരാളുടെ പേരിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റാക്കാൻ ശ്രമിക്കുമോ എന്നൊക്കെ സാമാന്യബുദ്ധി ഉപയോഗിച്ച് വേണമെങ്കിൽ സംശയിക്കാം. ആ ആവശ്യം താൻ നിരസിച്ചുവെന്നും വേണുഗോപാൽ പറയുന്നു.
അത് ശരിയോ തെറ്റോ ആകട്ടെ. അതിനെക്കാൾ പ്രധാനപ്പെട്ട മറ്റൊരു വെളിപ്പെടുത്തലുണ്ട്. ലോക്കറിൽ നിക്ഷേപിച്ച പണം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നാലോ അഞ്ചോ തവണയായി മുഴുവനും തിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആ മൊഴി. താൻ തന്നെയാണ് ആ പണം ലോക്കറിൽ നിന്ന് എടുത്തത് എന്നാണ് വേണുഗോപാൽ ഇഡിയോട് പറഞ്ഞത്. സരിത്തിനെയോ കോൺസുലേറ്റിലെ മറ്റു ഡ്രൈവർമാരെയോ അയച്ചാണ് ആ പണം സ്വപ്ന കൈപ്പറ്റിയിരുന്നത്. ലോക്കറിനുള്ളിൽ ഒന്നുമില്ലാതായപ്പോൾ അത് പൂട്ടണം എന്നാവശ്യപ്പെട്ട് ലോക്കറിൻ്റെ താക്കോലും പാസ് ബുക്കും താൻ സ്വപ്നയ്ക്കു തിരികെ നൽകിയതായും വേണുഗോപാലിൻ്റെ മൊഴിയിൽ പറയുന്നു. അക്കാര്യം 10-4-2019ൽ ശിവശങ്കറിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നും വേണുഗോപാലിൻ്റെ ചാറ്റുകൾ തെളിവാണ്.
ലോക്കറിലെ പണം താൻ പിൻവലിച്ച് സ്വപ്നയെ ഏൽപ്പിച്ചെന്ന് വേണുഗോപാൽ ഇഡിയോട്
ഈ ലോക്കറും 30 ലക്ഷം രൂപ അതിൽ സൂക്ഷിക്കാൻ ശിവശങ്കർ സ്വപ്നയ്ക്കു ചെയ്തുകൊടുത്ത സഹായവുമാണല്ലോ ഇപ്പോൾ അദ്ദേഹത്തെ കുരുക്കിക്കിടത്തിയിരിക്കുന്നത്. ശിവശങ്കറിൻ്റെ സഹായത്തോടെ അതിൽ കൊണ്ടുവെച്ച 30 ലക്ഷം രൂപ താൻ മൂന്നോ നാലോ തവണകളായി സ്വപ്നയ്ക്ക് തിരിച്ചെടുത്തു കൊടുത്തു എന്ന് എടുത്തു കൊടുത്ത ആൾ തന്നെയാണ് പറയുന്നത്. ലൈഫ് മിഷൻ കോഴയും സന്തോഷ് ഈപ്പനുമൊക്കെ കടന്നു വരുന്നതിനു മുമ്പേ എസ്ബിടിയിലെ ലോക്കറിൽ ശിവശങ്കറിൻ്റെ സഹായത്തോടെ സൂക്ഷിച്ച പണം അക്കാലത്തു തന്നെ സ്വപ്ന പിൻവലിച്ചിരുന്നു. സരിത്ത് അടക്കമുള്ളവരെ പറഞ്ഞുവിട്ട് സ്വപ്ന ആ പണം തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് വേണുഗോപാലിൻ്റെ മൊഴി.
മന്ത്രമല്ല, മായയല്ല, വെറും ഇന്ദ്രജാലം; 2019ലെ കോഴ 2018ൽ ലോക്കറിൽ
കോഴകളുടെ ചരിത്രത്തിലെ മഹാത്ഭൂതമാണ് ഈ മറിമായം. ഇതേ ലോക്കറിൽ നിന്ന് എൻഐഎ 23-7-2020ന് കണ്ടുകെട്ടിയത് 64 ലക്ഷം. കൂടെ 35 ലക്ഷം രൂപ വിലമതിക്കുന്ന 983 ഗ്രാം സ്വർണവും (അതേക്കുറിച്ച് ഇഡി കമാന്നു മിണ്ടിയിട്ടില്ല). ഈ 64 ലക്ഷം രൂപ ശിവശങ്കറിനുള്ളതാണ് എന്നാണ് സ്വപ്നയുടെ മൊഴിയും ഇഡിയുടെ വാദവും. അതു തെളിയിക്കാൻ കെട്ടിയെഴുന്നെള്ളിക്കൂന്നതോ, 2018 നവംബറിൽ ലോക്കറെടുക്കാൻ ശിവശങ്കർ നൽകിയ സഹായവും അക്കാലത്തെ വാട്സാപ്പ് ചാറ്റുകളും. ഇതിൽ വേറൊരു കൺകെട്ടുണ്ട്.
അതെന്താന്നുവെച്ചാൽ, രണ്ടു ലോക്കറുകളിലായി 64 ലക്ഷവും 36 ലക്ഷവുമാണുണ്ടായിരുന്നത്. എസ്ബിഐ ലോക്കറിൽ നിന്ന് കണ്ടുകെട്ടിയത് 64 ലക്ഷം. ഫെഡറൽ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടുകെട്ടിയത് 36 ലക്ഷം. എസ്ബിഐ ലോക്കറിൽ 2018ൽ കൊണ്ടുവെച്ച 30 ലക്ഷം ഇക്കൂട്ടത്തിൽ വരുന്നതേയല്ല. എസ്ബിഐ ലോക്കറിൽ സൂക്ഷിച്ച ലൈഫ് മിഷൻ കോഴ 64 ലക്ഷം രൂപയാണ് എന്ന് ഒരിടത്തും പറയില്ല. ആ ലോക്കറെടുക്കാൻ 2018ൽ ശിവശങ്കർ സ്വപ്നയ്ക്കു ചെയ്തുകൊടുത്ത സഹായവും അന്നവിടെ സൂക്ഷിച്ച 30 ലക്ഷം രൂപയുടെയും കാര്യം പറയും. ഫെഡറൽ ബാങ്കിൽ നിന്ന് വേറൊരു 36 ലക്ഷം കണ്ടുകെട്ടിയിട്ടുള്ളതുകൊണ്ട്, അതാണ് ഇതെന്ന് വിചാരിക്കുകയും ചെയ്യും.
ഈ 64 ലക്ഷം രൂപ ലൈഫ് മിഷൻ കോഴയായി സന്തോഷ് ഈപ്പൻ കൊടുത്തതാണ് എന്നിരിക്കട്ടെ. കമ്മിഷൻ കൊടുക്കാനുള്ള പണം താൻ ബാങ്കിൽ നിന്ന് പിൻവലിച്ചത് 2019 ആഗസ്റ്റ് 1, 2 തീയതികളിലാണെന്നാണ് സന്തോഷ് ഈപ്പൻ്റെ മൊഴി. 2019 ആഗസ്റ്റിൽ ബാങ്കിൽ നിന്ന് പിൻവലിച്ച പണം, 2018 നവംബറിൽ ലോക്കറിൽ കൊണ്ടുവെയ്ക്കാനാവില്ല. 2019ൽ ലോക്കറിൽ പണം വെയ്ക്കുന്ന സമയത്ത് ശിവശങ്കറും സ്വപ്നയും വേണുഗോപാലും തമ്മിൽ സംസാരിച്ചിരുന്നതിന് ഒരു തെളിവും ഹാജരാക്കാനുമില്ല.
അതുകൊണ്ടാണ്, ഈ പണവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ താണുകേണു പറഞ്ഞത്. ആ വാക്കുകൾ ഒരിക്കൽക്കൂടി വായിക്കാം. No evidence is stated to show for whether the petitioner has demanded, seen, or touched or handled or transferred or at least knew about the money parked at her locker. The petitioner was never aware of the existence of such money or ever possessed the same.
താൻ ഈ പണം ആവശ്യപ്പെട്ടതിനോ, കണ്ടതിനോ, തൊട്ടതിനോ, കൈകാര്യം ചെയ്തതിനോ കൈമാറ്റം ചെയ്തതിനോ ഈ പണം ലോക്കറിലുണ്ടെന്ന് അറിഞ്ഞിരുന്നു എന്നതിനുപോലുമോ ഒരു തെളിവുമില്ലെന്നാണ് ശിവശങ്കർ ഹൈക്കോടതിയോട് പറഞ്ഞത്. 2018ലെ ലോക്കർ നിക്ഷേപത്തിന് ശിവശങ്കറിന്റെ സഹായം സ്വപ്നയ്ക്കു കിട്ടിയിരുന്നു എന്ന ഒറ്റക്കാര്യം കൊണ്ട് 2019ൽ ആ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതാണ് എന്ന് പറയാനാവുമോ? ഈ ഒരു വാചകത്തിൻ്റെ സത്യാവസ്ഥയിലാണ് ഈ കേസിൻ്റെ നിലനിൽപ്പു മുഴുവൻ. അതു പരിശോധിക്കാനുള്ള ഉത്തരവാദിത്തം ബഹുമാനപ്പെട്ട നീതിപീഠം കാണിക്കണമായിരുന്നു.
കേസു പഠിക്കുന്ന ഏത് നിയമവിദ്യാർത്ഥിയുടെയും മനസിലുദിക്കുന്ന സംശയങ്ങളാണിതെല്ലാം. സ്വർണക്കടത്തിലോ ലൈഫ് മിഷൻ കോഴയിലോ ശിവശങ്കറിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് അസന്നിഗ്ധമായി പറയേണ്ടത് കോടതിയും അന്വേഷണ ഏജൻസികളും തന്നെയാണ്. അതിലൊന്നും ഒരു തർക്കവുമില്ല. ശിവശങ്കർ ഈ കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിലൊരു തർക്കവുമില്ല. എന്നാൽ ഈ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളിത്തമുള്ള മറ്റുള്ളവർക്ക് കിട്ടുന്ന നീതി ശിവശങ്കറിനു കിട്ടാത്തത് ഒട്ടേറെ സംശയങ്ങൾ പൊതുമണ്ഡലത്തിൽ ഉയർത്തുന്നുണ്ട്.
കോഴപ്പന്തലിലും രണ്ടുതരം വിളമ്പ്?
കോഴയ്ക്കുവേണ്ടി തന്നോട് വിലപേശിയത് യദു കൃഷ്ണൻ, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരാണെന്നാണ് സന്തോഷ് ഈപ്പൻ്റെ മൊഴി. അവർ ചോദിച്ചത് 6 ശതമാനം കമ്മിഷൻ ആണെന്നും 2019 ആഗസ്റ്റ് 1ന് 25.2 ലക്ഷം, നവംബർ മുപ്പതിന് 27.24 ലക്ഷം, 2020 ജനുവരി 24ന് 7.05 ലക്ഷം എന്നിങ്ങനെ മൂന്നു തവണയായി 59,94,000 രൂപ താൻ ഈ സംഘത്തിന് കമ്മിഷൻ നൽകിയിട്ടുണ്ടെന്നും 2020 ആഗസ്റ്റ് 8ന് നൽകിയ മൊഴിയിൽ സന്തോഷ് ഈപ്പൻ ഇഡിയോട് പറഞ്ഞിട്ടുണ്ട്. ഇസോമോങ്ക് ട്രേഡിംഗ് എന്ന കമ്പനിയുടെ പേരിൽ ആക്സിസ് ബാങ്കിന്റെ ശാസ്തമംഗലം ശാഖയിലെ അക്കൗണ്ടിലേയ്ക്കാണ് പണം കൈമാറിയതെന്നും മൊഴിയിലുണ്ട്. ആ അക്കൗണ്ട് പരിശോധിച്ചാൽ മൊഴി സ്ഥിരീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെയൊരു അന്വേഷണം നടത്തുകയോ വിലപേശി കമ്മിഷൻ തട്ടിയ നാൽവർ സംഘത്തിലാരെയെങ്കിലും അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ട സന്തോഷ് ഈപ്പനാകട്ടെ, പത്തു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിക്കുകയും ചെയ്തു. അതേസമയം ഈ കേസിൽ ഒമ്പതാം പ്രതിയായി 2023 ഫെബ്രുവരി 15ന് അറസ്റ്റു ചെയ്യപ്പെട്ട എം ശിവശങ്കർ നാൽപ്പത്തിയെട്ടു ദിവസമായി ജയിലിലാണ്.
സ്വപ്നയും സംഘവും ലൈഫ് മിഷൻ കമ്മിഷൻ കൈപ്പറ്റിയെന്ന് സന്തോഷ് ഈപ്പൻ്റെ മൊഴി
ഈ അനീതി സാമാന്യജനത്തിന് ദഹിക്കുമോ എന്ന് സംശയമാണ്.. ഒരാളിൻ്റെ പേരിലുള്ള ലോക്കർ. അതിൽ അയാൾ തന്നെ കൊണ്ടുവെച്ച പണം. കണ്ടുകെട്ടി നാലഞ്ചു മാസം കഴിഞ്ഞ് അയാൾ പറയുന്നു, പണം വേറൊരാളിൻ്റേതാണെന്ന്. അതിന് വേറെ തെളിവൊന്നുമില്ല. മൊഴി മാത്രമേയുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥർ രണ്ടുവർഷം കാത്തിരുന്ന ശേഷം, ആ വേറൊരാളിനെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നു. 48 ദിവസം പിന്നിട്ടിട്ടും കോടതി ജാമ്യവും കൊടുക്കുന്നില്ല.
കോടതിയോടും നീതി നിർവഹണ സംവിധാനങ്ങളോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു പറയട്ടെ, ഇത് അനീതിയാണ്, അസംബന്ധമാണ്. അന്വേഷണ ഏജൻസിയുടേത് അധികാരത്തിൻ്റെ ഹുങ്കിൽ ചെയ്യുന്ന ധിക്കാരമാണ്. ഇത്തവണയും മുദ്രവെച്ച കവർ എന്ന പ്രഹസനം ഇഡി ഹൈക്കോടതിയിൽ നടത്തി. അത് അനുവദിക്കാത്തതും സ്വപ്നയടക്കമുള്ളവരെ ഇനിയും അറസ്റ്റു ചെയ്യാത്ത അന്വേഷണ സംഘത്തിനു നേരെ ഹൈക്കോടതി വിരൽ ചൂണ്ടിയതും തീർച്ചയായും ഈ കേസിൽ നീതി പുലരണം എന്നാഗ്രഹിക്കുന്നവരിൽ പ്രതീക്ഷയുണർത്തുന്ന ഇടപെടലുകൾ തന്നെയാണ്. അതു പറയുമ്പോൾത്തന്നെ ശിവശങ്കർ അനുഭവിക്കുന്ന അനീതിയും ഉറക്കെത്തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
വഹിച്ച പദവിയുടെ ഔന്നിത്യം മറന്ന് ഇതുപോലുള്ള ഗജഫ്രോഡുകളുടെ സംഘത്തിൽ എം ശിവശങ്കറിനെപ്പോലൊരു ഉദ്യോഗസ്ഥൻ പെട്ടുപോയത് ഉൾക്കൊള്ളാനേ കഴിയാത്ത സമസ്യ തന്നെയാണ്. സർക്കാരിനെയും പാർടിയെയും ചങ്കിൽ കൊണ്ടു നടക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ അസംഖ്യം സിപിഎം സഖാക്കൾ അദ്ദേഹത്തോട് പൊറുക്കുമോ എന്നും സംശയമാണ്. പക്ഷേ, ആ വ്യതിചലനമൊന്നും അദ്ദേഹം നീതിയേ അർഹിക്കുന്നില്ല എന്ന മട്ടിൽ തലതിരിക്കാൻ ഒരു കാരണമല്ല.