തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000 ടണ്ണിൻ്റെ രണ്ടാമത്തെ ഓർഡർ കെ പി പി എല്ലിന് ലഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. നേരത്തെ ദൈനിക് ഭാസ്കറിൽ നിന്ന് ലഭിച്ച 5000 ടണ്ണിൻ്റെ ഓർഡർ തൃപ്തികരമായി നൽകാൻ കഴിഞ്ഞതിൻ്റെ ഫലമായാണ് 10000 ടണ്ണിൻ്റെ പുതിയ ഓർഡർ ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറിൽ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓർഡർ നമ്മുടെ സ്വന്തം കെപിപിഎല്ലിന് ലഭിച്ചു എന്നറിയിക്കുന്നതിൽ അത്യധികം സന്തോഷവും അഭിമാനവുമുണ്ട്. നേരത്തെ ദൈനിക് ഭാസ്കറിൽ നിന്ന് ലഭിച്ച 5000 ടണ്ണിൻ്റെ ഓർഡർ വിജയകരമായും തൃപ്തികരമായും നൽകാൻ കഴിഞ്ഞതിൻ്റെ ഫലമായാണ് പതിനായിരം ടണ്ണിൻ്റെ പുതിയ ഓർഡർ. പത്രക്കടലാസ് വ്യവസായത്തിൽ 10000 ടണ്ണിൻ്റെ ഓർഡർ ഒറ്റയടിക്ക് ഒരു സ്ഥാപനത്തിന് ലഭിക്കുന്നത് അപൂർവ്വമാണ്. കെപിപിഎൽ, അതിൻ്റെ വിശ്വാസ്യതയും മികവും പ്രൊഫഷണലിസവും തെളിയിച്ചിരിക്കുന്നു എന്നതിൻ്റെ ഒന്നാന്തരം ഉദാഹരണമായി ഇതിനെ കണക്കാക്കാം.
ഇറക്കുമതി ന്യൂസ് പ്രിന്റും പഞ്ചാബ് ഖന്ന പേപ്പർ മില്ലും ഒഡിഷയിലെ ഇമാമി മില്ലുമെല്ലാം വിപണിയാധിപത്യം പുലർത്തുന്ന പത്രക്കടലാസ് വ്യവസായത്തിൽ, പിച്ചവച്ച് തുടങ്ങുന്ന ഒരു സ്ഥാപനത്തിന് കൈയ്യൊപ്പ് വയ്ക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് നിസാരമല്ല. നമ്മുടെ പൊതുമേഖലയുടെ കരുത്താണത് വിളിച്ചോതുന്നത്.
ദ ഹിന്ദു, ബിസിനസ് സ്റ്റാന്റേർഡ്, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ ഇംഗ്ളീഷ് ദിനപത്രങ്ങൾക്കും ദിനതന്തി, ദിനമലർ, മാലേമലർ, പ്രജാശക്തി തുടങ്ങിയ ഇതര ഭാഷാ പത്രങ്ങൾക്കും ഏതാണ്ടെല്ലാ മലയാള പത്രങ്ങൾക്കും കെപിപിഎൽ കടലാസ് നൽകുന്നുണ്ട്. ന്യൂസ് പ്രിന്റിൻ്റെ ഗുണനിലവാരം, കടലാസ് ലഭ്യമാക്കുന്നതിലെ കൃത്യത, ട്രാൻസ്പോർട്ടേഷൻ /ലോജിസ്റ്റിക്സ് മികവ് തുടങ്ങി ഒട്ടേറെ ഘടകങ്ങളിൽ ഏറെ മുന്നിൽ എത്തിയതു കൊണ്ടാണ് കെപിപി എല്ലിന് ഈ ചുരുങ്ങിയ കാലയളവിൽ ചെറുതല്ലാത്ത നേട്ടം കൈവരിക്കാനായത്.
അടച്ചുപൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്താണ് കേരളം ഈ നേട്ടങ്ങൾ രേഖപ്പെടുത്തുന്നത് എന്നത് മറന്നു കൂടാ. വെള്ളാനയല്ല പൊതുമേഖലയെന്നും അത് ഈ നാടിൻ്റെ കരുത്താണെന്നും കേരളം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.