ന്യൂഡൽഹി: വിദേശ വിനിമയ ചട്ട ലംഘനം ആരോപിച്ച് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടു. ബിബിസിയുടെ വിദേശ പണമിടപാടുകൾ ഇഡി പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമായിരുന്നു പരിശോധന.
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിൻ്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പിൻ്റെ പരിശോധന. മൂന്ന് ദിവസങ്ങളിലായി 60 മണിക്കൂറിലധികമാണ് പരിശോധന നടന്നത്.