ചെങ്ങന്നൂര്‍: കുട്ടമ്പേരൂര്‍ ആറ് ഇനി തെളിനീര് നിറഞ്ഞൊഴുകും. ഹരിതകേരള മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആറ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ചെങ്ങന്നൂരിലെ ബുധനൂര്‍, മാന്നാര്‍, ചെന്നിത്തല ഗ്രാമ പഞ്ചായത്തുകളിലൂടെ അച്ചന്‍കോവിലാറിനെയും പമ്പയാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണ പ്രവര്‍ത്തനം അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്.
പായലും പോളയും, കടപുഴകിയ വൃക്ഷങ്ങളും, കൈതച്ചെടികളും നിറഞ്ഞ് ആറിൻ്റെ ഒഴുക്ക് നിലച്ചിരുന്നു. കേെയ്യെറ്റങ്ങളും ഒഴുക്കിനെ ബാധിച്ചു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി. മുന്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീണ്ടെടുത്തത്.
700 തൊഴിലാളികളും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായി. ജനകീയ പങ്കാളിത്തത്തോടെ നീരൊഴുക്ക് വീണ്ടെടുത്ത് ആറിന് പുനര്ജന്മം നല്കി. സംസ്ഥാന സര്‍ക്കാര്‍ ആറിൻ്റെ നവീകരണത്തിനായി 15.7 കോടി രൂപ അനുവദിച്ചു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇറിഗേഷന്‍ വകുപ്പിൻ്റെ നേതൃത്വത്തില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രകൃതി സംരക്ഷണത്തിന്റെയും പുഴകളുടെ വീണ്ടെടുപ്പിന്റെയും മാതൃകയായി മാറുകയാണ് കുട്ടമ്പേരൂര്‍ ആറ്.