തിരുവനന്തപുരം: ഏഴ് മാസത്തിനുള്ളില്‍ ആലപ്പുഴ നഗരത്തിലെ എട്ടു റോഡുകള്‍ ആധുനിക നിലവാരത്തില്‍ ഒരുങ്ങിയതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി വിദേശികള്‍ ഉള്‍പ്പെടെയുള്ളവരും ആശ്രയിക്കുന്ന ആലപ്പുഴ നഗരത്തിലെ പാതകള്‍ ആധുനികനിലവാരത്തില്‍ നവീകരിക്കണമെന്നത് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഏഴ് മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാരിൻ്റെ 2020-2021 ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച ആലപ്പുഴ നഗരപാതകള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആധുനിക റോഡ് ടാറിംഗ് രീതിയായ ബിഎം & ബിസി, കയര്‍ ഭൂവസ്ത്രം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം, വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളില്‍ ടൈലുകള്‍ പാകിയുമാണ് റോഡുകള്‍ നവീകരിച്ചിരിക്കുന്നത്. ഇടുങ്ങിയതും ഗതാഗതയോഗ്യമല്ലാതിരുന്നതുമായ റോഡുകള്‍ വീതികൂട്ടി ബലപ്പെടുത്തിയാണ് നിര്‍മ്മിച്ചത്.
2022 സെപ്തംബര്‍ മാസത്തിലാണ് ഈ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നത്. കരാര്‍ പ്രകാരം 2023 ഓഗസ്ത് മാസം വരെ 11 മാസമാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി. എന്നാല്‍ കരാര്‍ ഒപ്പുവെച്ച് ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ആധുനിക നിലവാരത്തിലുള്ള എട്ട് റോഡുകള്‍ പൂര്‍ത്തിയാക്കി. നിശ്ചയിച്ച സമയത്തിന് മുന്‍പേ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്കിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.