കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി വരെയുള്ള വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന വന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചു പിടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രാലയം നൽകിയതെന്ന് ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്,കൊള്ളിവയൽ,മടപ്പറമ്പ്,മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ ഈ പ്രവർത്തനം നടക്കും. സംസ്ഥാനസർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂർത്തിയാവും.ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കും. മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 30 പദ്ധതികളിൽ ഒന്നാണ് തുരങ്കപാത. ഡംപിംഗ് യാർഡ്,സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. തിരുവമ്പാടി നിയോജകമണ്ഡലത്തിൻ്റെ സർവ്വ മേഖലയിലും സമഗ്രമായ മാറ്റത്തിന് തുരങ്കപാത വഴിയൊരുക്കുമെന്നും
ലിന്റോ ജോസഫ്
പറഞ്ഞു.