തിരുവനന്തപുരം: മകൻ ബിജെപിയിൽ ചേർന്നത് വളരെ വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മകൻ്റെത് അങ്ങേയറ്റം തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്നത് വരെ താൻ കോൺഗ്രസുകാരനായി തുടരും. അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ കുറിച്ച് മേലിൽ ഒരു ചോദ്യത്തിനും മറുപടി പറയില്ല. ഈ പ്രതികരണം ആദ്യത്തേതും അവസാനത്തേതുമാണെന്നും ആന്റണി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരമാണ് എ കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കൽ ചടങ്ങ്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.