തിരുവനന്തപുരം: ബജറ്റിൽ ലക്ഷ്യം വച്ചതിനേക്കാൾ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തിൽ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപ. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 4138.57 കോടി രൂപയും രജിസ്ട്രേഷൻ ഫീസിനത്തിൽ 1523.54 കോടി രൂപയുമാണ് ലഭിച്ചത്. എട്ട് വർഷങ്ങൾക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതിനു മുമ്പ് 2014 -15 ൽ 10,53,918 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. 2021-22 സാമ്പത്തിക വർഷം 9,26,487 ആധാരങ്ങൾ രജിസ്റ്റർ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തവണ 1,10,376 ആധാരങ്ങൾ അധികം രജിസ്റ്റർ ചെയ്തു. വരുമാനത്തിൽ 1230.23 കോടി രൂപയുടെ വർദ്ധന.
എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം വയനാട് ജില്ലയിലാണെങ്കിലും ബജറ്റ് ലക്ഷ്യം പൂർണമായും കൈവരിച്ചു. ന്യായവില വർദ്ധന മുന്നിൽ കണ്ട് മാർച്ച് മാസം രജിസ്ട്രേഷനുകളുടെ എണ്ണം കൂടിയിരുന്നു. 1,37,906 ആധാരങ്ങളാണ് മാർച്ചിൽ മാത്രം രജിസ്റ്റർ ചെയ്തത്. 950.37 കോടി രൂപയുടെ വരുമാനവും നേടി. 2022 മാർച്ചിൽ 1,16,587 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. വരുമാനമാകട്ടെ 627.97 കോടി രൂപയും. ഇത്തവണ ഫെബ്രുവരിയിൽ തന്നെ ബജറ്റ് ലക്ഷ്യത്തെക്കാൾ കൂടുതൽ വരുമാനം നേടിയിരുന്നു. രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാന നേട്ടമുണ്ടാക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും ആധാരമെഴുത്തുകാരെയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തിയവരെയും രജിസ്ട്രേഷൻ, സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിനന്ദിച്ചു.