തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 2 ന് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിൻ്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി എ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.