കൊല്ലം: വിനോദയാത്രക്ക് പോയ വിദ്യാർഥികൾക്കായി വിചിത്ര ഉത്തരവിറക്കിയ കൊല്ലം എസ് എൻ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കോളേജ് വിനോദയാത്രയിലെ അധിക നിർദ്ദേശങ്ങൾ എന്ന തലക്കെട്ടോടെയുള്ള സർക്കുലറാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള യാത്രക്കും വസ്ത്രധാരണത്തിനുമടക്കം 11 ഇന നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്. ആൺകുട്ടികളും പെൺകുട്ടികളും ബസിൽ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കരുത്, മോഡേൺ വസ്ത്രങ്ങൾ ധരിക്കരുത്, ആൺകുട്ടികൾക്കൊപ്പം നിന്ന് പെൺകുട്ടികൾ ഫോട്ടോ എടുക്കരുത്, ഉയരം കൂടിയ ചെരുപ്പ് ധരിക്കരുത് എന്നിങ്ങനെയാണ് ഉത്തരവുകൾ.
വനിതാ അധ്യാപകരുടെ ഒപ്പമല്ലാതെ പെൺകുട്ടികൾ സഞ്ചരിക്കരുതെന്നും പതിനൊന്ന് നിർദേശങ്ങളിലുണ്ട്. വിനോദയാത്രയ്ക്കിടെ പെൺകുട്ടികൾ ഒറ്റയ്ക്ക് എവിടേയും പോകരുതെന്നും നിർദേശമുണ്ട്. അധ്യാപികയുടേയോ, ടീം മാനേജറുടേയോ കൂടെ മാത്രമെ പെൺകുട്ടികൾ സഞ്ചരിക്കാൻ പാടുള്ളു. സൈറ്റ് സീയിംഗ്, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാം പെൺകുട്ടികൾ അദ്ധ്യാപികയ്ക്കൊപ്പം പ്രത്യേക ടീമായി തിരിയണമെന്നും ഉത്തരവിൽ പറയുന്നു. പെൺകുട്ടികൾക്ക് താമസിക്കാൻ പ്രത്യേക മുറികളുണ്ട്. നിശ്ചിത സമയത്തിന് ശേഷം മുറികളുടെ വാതിലുകൾ പൂട്ടും. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടാൻ അലാറം, ഫോൺ തുടങ്ങിയവ നൽകുമെന്നും സർക്കുലറിൽ പറയുന്നു.