ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10-നാണ് തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണൽ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21നാണ് സൂക്ഷ്മ പരിശോധന. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 24 ആണ്.
എൺപത് വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതർക്കും വീട്ടിൽ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്. 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 119 , കോൺഗ്രസ് 70 , ജെഡിഎസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില .
കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉൾപ്പടെയുള്ള 124 സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഡിഎസിൻ്റെ ആദ്യ ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.