തിരുവനന്തപുരം: ബിൽക്കിസ് ബാനുവിനെ കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറും സഹോദരൻ ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറും സർക്കാർ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിൻ്റെ പരസ്യമായ വെല്ലുവിളിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മാർച്ച് 25 നാണ് ഗുജറാത്ത് ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ ജല വിതരണ പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ടിനെ വിശിഷ്ടാതിഥിയായി എം പിക്കും എംഎൽഎക്കുമൊപ്പം വേദിയിൽ മുൻ നിരയിലിരുത്തി ആദരിച്ചത്.
ഫേസ്ബുക് കുറിപ്പ്:
അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ!
ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറും സർക്കാർ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിൻ്റെ പരസ്യമായ വെല്ലുവിളിയാണ്.
ഗുജറാത്ത് വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഗർഭസ്ഥ ശിശുവുൾപ്പെടെ ബിൽക്കിസ് ബാനുവിൻ്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് വംശഹത്യയിൽ കൊല്ലപ്പെട്ടത്. ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് 2022 ആഗസ്തിലാണ്. ഈ മാസം 25 നാണ് ബിൽക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് ബിജെപി ജനപ്രതിനിധികൾക്കൊപ്പം സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ ബിൽക്കിസ് ബാനു കേസിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷണം നടത്തുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്കിടെ നടന്ന കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിച്ച വേളയിലാണ് സുപ്രീം കോടതി ബെഞ്ചിൻ്റെ ഈ നിരീക്ഷണം. ബിൽക്കിസ് ഭാനുവിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയക്കുകയുമുണ്ടായി. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ചാദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ നിയമസംവിധാനങ്ങളെ തങ്ങൾ തെല്ലും വിലവെക്കുന്നില്ലെന്ന സംഘപരിവാറിൻ്റെ പ്രഖ്യാപനമാണത്. അണികൾക്ക് ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും കൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിക്കാനും ബിൽക്കിസ് ബാനുവിനൊപ്പം നിൽക്കാനും മതനിരപേക്ഷ ഇന്ത്യയാകെ മുന്നോട്ടുവരേണ്ടതുണ്ട്.
-പി.എ.മുഹമ്മദ് റിയാസ്-
ഗുജറാത്ത് കൂട്ട ബലാൽസംഗക്കേസിലെപ്രതിയെ വേദിയിലിരുത്തി ആദരിച്ച് ബിജെപി