കരിപ്പൂർ: കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന യാത്രാ നിരക്കുകൾ ഭീമമായ തോതിൽ വർധിപ്പിച്ചു. വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും മലയാളികളെ കൊള്ളയടിക്കാനുള്ള അവസരമാക്കി യാത്രാനിരക്ക് നാലിരട്ടിയോളമാണ് വർധിപ്പിച്ചത്. നിരക്ക് വർധന ഞായറാഴ്ച നിലവിൽവന്നു. എയർ ഇന്ത്യയാണ് ആദ്യം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. മറ്റു വിമാനക്കമ്പനികളും നിരക്ക് കുത്തനെ കൂട്ടാനുള്ള ഒരുക്കത്തിലാണ്.
വിമാന ഇന്ധനത്തിൻ്റെ വില ഈയിടെ കുറച്ചിട്ടും വിമാന കമ്പനികൾ യാത്രാ നിരക്ക് കുറയ്ക്കാൻ തയ്യാറായിരുന്നില്ല. ഖത്തറിലേക്കാണ് ഏറ്റവും വലിയ വർധന, 10,000 രൂപ മുതൽ 15,000 വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 38,000 മുതൽ 40,000 രൂപ വരെ ആയി വർധിപ്പിച്ചു. നെടുമ്പാശേരി–- ദുബായ് യാത്രയ്ക്ക് 9000 മുതൽ 12,000 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ഇത് 30,000 രൂപയാക്കി. കരിപ്പൂർ–- ദുബായ് നിരക്ക് 31,000 രൂപയും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ദുബായ് നിരക്ക് 30,500 രൂപയുമാണ്. കുവൈത്തിലേക്കു മാത്രമാണ് മാറ്റമില്ലാത്തത്. നേരത്തെയുള്ള 25,000 രൂപ നിലനിർത്തി. സൗദി മേഖലയിലും വർധനയുണ്ട്. 15,000 മുതൽ 19,000 രൂപവരെയായിരുന്നത് 20,000 മുതൽ 23,000 രൂപവരെയാക്കി. വേനലവധി കഴിയുംവരെ തുകയിൽ കാര്യമായ കുറവുവരാനിടയില്ല. മലബാർ മേഖലയിൽനിന്ന് ലക്ഷക്കണക്കിന് പേരാണ് ഗൾഫ് മേഖലയിലേക്ക് ഇത്തരത്തിൽ യാത്രചെയ്യുന്നത്.
ഗൾഫ് മേഖലയിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ വെട്ടിക്കുറച്ചതോടെ സീറ്റുകൾ കുറയുന്നതും ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണമായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഏപ്രിലിൽ നിരക്ക് ഇനിയും വർധിപ്പിക്കാനും ഇടയുണ്ട്.