തിരുവനന്തപുരം: ആയിരം കോടി പിഴ ഈടാക്കാൻ നിർദ്ദേശം നൽകിയെന്ന മീഡിയ വൺ വാർത്തയിലെ അസംബന്ധം വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുകയെന്നതും നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. സർക്കുലർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും എംവിഡി ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ കുറിച്ചു.
‘ജനങ്ങളെ പിഴിയാനുള്ള 1000 കോടി’.
വ്യാജ വാർത്തയിലെ സത്യം എന്താണ് ? രേഖകൾ സംസാരിക്കട്ടെ..
വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക.. നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഖവത്തോടെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്.
ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ്. മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട്. അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ് . അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ്. നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്. റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത്. റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം..