തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യ സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓറൽ സർജറി, ഓർത്തോഗ്നാത്തിക് സർജറി, കോസ്മറ്റിക് സർജറി, മോണ സംബന്ധമായ പ്രശ്നങ്ങൾ, ദന്തക്രമീകരണം, പല്ല് നഷ്ടപ്പെട്ട കുട്ടികൾക്ക് പല്ല് വയ്ക്കൽ തുടങ്ങി എല്ലാ ചികിത്സയും സൗജന്യമായി ലഭ്യമാക്കും. ലോക വദനാരോഗ്യ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ ആരോഗ്യ പരിപാടിക്ക് കീഴിൽ ആരോഗ്യത്തിനും വദന സംരക്ഷണത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. മാർച്ച് 20 മുതൽ 27 വരെയാണ് വദനാരോഗ്യ വാരാചരണം. കേരളത്തെ ലോകത്തിനു മുന്നിൽ ആരോഗ്യ രംഗത്തെ ഹബ്ബാക്കി മാറ്റുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് തുടർന്നുവരുന്നത്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന വ്യാപകമായി ആരോഗ്യമേഖലയിൽ നടപ്പിലാക്കുകയാണ്. ഭിന്ന ശേഷി വിദ്യാർഥികൾക്കുള്ള സൗജന്യ വദനാരോഗ്യ പദ്ധതി ആദ്യമായി ഡോ. ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന മാജിക് പ്ലാനെറ്റിൽ തുടങ്ങുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ദന്തൽ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ. സൈമൺ മോറിസൺ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, ഡെന്റൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഡോ. ഷാനവാസ്, മാജിക് പ്ലാനറ്റ് ഡിഫറന്റ് ആർട്ട് സെന്റർ ജനറൽ മാനേജർ ബിജു രാജ് എന്നിവർ പങ്കെടുത്തു.