ന്യൂ ഡൽഹി: ഇന്ത്യയിൽ ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്സി കോഡ് 2016 (ഐ ബി സി കോഡ് 2016 ) നിലവിൽ വന്ന ശേഷം, 6199 കമ്പനികൾ പാപ്പർ ഹരജി നൽകിയെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഡോ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് മറുപടി നൽകിയത്. 6199 കമ്പനികൾ നടപടി ക്രമങ്ങൾ തുടങ്ങിയെങ്കിലും, 611 കമ്പനികൾ മാത്രമാണ് പ്രക്രിയ ഇതുവരെ പൂർത്തിയാക്കിയയത്. ഈ കമ്പനികൾക്ക് വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങൾക്ക് മൂന്നിൽ രണ്ട് ഭാഗവും നഷ്ടമായി. മൊത്തം നൽകിയ വായ്പയുടെ ശരാശരി 30.40 % മാത്രമാണ് സ്ഥാപനങ്ങൾക്ക് തിരിച്ചു കിട്ടിയത്.
54,243 കോടി കടമുണ്ടായിരുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ഐബിസി കോഡ് അനുസരിച്ചുള്ള പ്രക്രിയയിലൂടെ വെറും 4,400 കോടി രൂപയ്ക ക്കാണ് മുകേഷ് അംബാനിയുടെ ജിയോ ഏറ്റെടുത്തത്. അനിൽ അംബാനിയുടെ കമ്പനിക്ക് നൽകിയ വായ്പയുടെ തൊണ്ണൂറ് ശതമാനവും ബാങ്കുകൾക്ക് നഷ്ടമായി. നിലവിൽ തീർപ്പായ 611 കേസുകളിൽ 477 എണ്ണത്തിലും 10 കോടിയിൽ കുറയാത്ത നഷ്ടം കടം നല്കിയവർക് ഉണ്ടായെന്നും മറുപടിയിൽ പറഞ്ഞു.
ഇന്ത്യയുടെ ബാങ്കിങ്ങ് മേഖലയെ നിയമസഹായത്തോടെ കൊള്ളയടിക്കുകയാണെന്ന് ഡോ. വി ശിവദാസൻ എം പി പറഞ്ഞു. കോർപ്പറേറ്റുകളുടെ കടം വാങ്ങൽ പ്രക്രിയയുടെ രഹസ്യ സ്വഭാവം ഇത്തരം കൊള്ളയടിക്ക് സഹായകരമാകുന്നുണ്ട്. കള്ളപ്പണം തടയും എന്ന് വാഗ്ദാനം ചെയ്ത മോദി സർക്കാർ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുകയാണെന്ന് ശിവദാസൻ പറഞ്ഞു.