തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി.
സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി.
പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. മെഡിക്കൽ കോളേജുകളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെഎംഎസ്സിഎല്ലിന് നിർദേശം നൽകി.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. മാസ്ക് ധരിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം നൽകി. ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.