തിരുവനന്തപുരം: ജീവിതം മുഴുവൻ പാവങ്ങൾക്കും കർഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങൾക്കെതിരെ പടപൊരുതിയ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവാണ് എ കെ ജിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. എ കെ ജിയെ നേരിട്ടു കണ്ടതും അദ്ദേഹവുമായുള്ള ആശയ വിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതായി സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
പാർലമെന്റിൻ്റെ ഇന്നത്തെ ദുരവസ്ഥ രാജ്യത്തിന് അപമാനകരമാണെന്ന് പറഞ്ഞ സുധീരൻ നിയമസഭയിലെ പ്രതിപക്ഷ നാടകങ്ങളെയും പരോക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ നിയമസഭയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം അസ്വസ്ഥരാണ്. കെ സുധാകരൻ്റെയും സതീശൻ്റെയും പോക്കിനെതിരെ കോൺഗ്രസിൽ രൂപം കൊണ്ട കടുത്ത അസംതൃപ്തിയാണ് സുധീരൻ്റെ പരാമർശങ്ങളിൽ പ്രതിഫലിക്കുന്നത്.
കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ യുഡിഎഫിലെ പല എംഎൽഎമാർക്കും പ്രതിപക്ഷത്തിൻ്റെ പോക്കിനോട് ഒട്ടും യോജിപ്പില്ല. സഭ ചേരുന്നത് ഏതു വിധേനയും മുടക്കാനാണ് വി ഡി സതീശൻ ശ്രമിച്ചത്. ഇതിനായാണ് ചൊവ്വാഴ്ച അഞ്ച് എം എൽ എ മാരെ നടുത്തളത്തിൽ സത്യഗ്രഹത്തിനിറക്കിയത്. എന്നാൽ സഭാ നടപടികൾ തുടരണമെന്ന അഭിപ്രായത്തിലായിരുന്നു മുസ്ലിം ലീഗ്. സതീശൻ്റെ പ്രവർത്തന രീതിയോടുള എതിർപ്പ് നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ. പുറത്ത് ഉന്നയിക്കുന്ന വാദങ്ങൾ നിയമസഭയിൽ ഉയർത്തുന്നതിൽ അങ്ങേയറ്റം ദയനീയമായ പ്രകടനമാണ് പ്രതിപക്ഷത്തിൻ്റെതെന്ന വിമർശനം രൂക്ഷമാണ്. കെ സുധാകരനും വി ഡി സതീശനും എതിരെ കോൺഗ്രസിൽ ശക്തമായ നീക്കങ്ങൾ നടക്കുകയാണ്. ഇതിന് ഊർജ്ജം പകർന്നാണ് വി എം സുധീരൻ്റെ ഫേസ് ബുക്ക് കുറിപ്പിലെ വിമർശനം. രാഷ്ട്രീയ പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരള നിയമസഭയുടെ അവസ്ഥ പരിതാപകരമാണെന്ന് സുധീരൻ പറയുന്നു.
കോൺഗ്രസിന് 364 എം.പി.മാർ ഉണ്ടായിരുന്ന ആദ്യ ലോക്സഭയിൽ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ കെ ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നൽകി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണെന്ന് സുധീരൻ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ ശബ്ദത്തിന് അർഹമായ പരിഗണന നൽകിയ ജവഹർലാൽ നെഹ്റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ കെ ജിയും തങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമാക്കിയ പാർലമെന്റിൻ്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങൾ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാർലമെന്റിൻ്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്.
ജനാധിപത്യ അവകാശങ്ങൾ പുനസ്ഥാപിക്കാനും പാർലമെൻ്റെ നിയമസഭയും നേരാവണ്ണം പ്രവർത്തിക്കാനും പാർലമെന്ററി വേദിയെ ജനങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ പ്രേരകമാകട്ടെ. കെ.എസ്.യു പ്രസിഡന്റായിരിക്കെ എംഎൽഎ ഹോസ്റ്റലിൽവച്ച് എ കെ ജി യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. പ്രിയപ്പെട്ട എ കെ ജിയുടെ ജ്വലിക്കുന്ന സ്മരണകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു – സുധീരൻ കുറിച്ചു.
സുധീരൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ അദ്ദേഹത്തെ മോശം ഭാഷയിൽ അധിക്ഷേപിച്ച് ഒരു വിഭാഗം രംഗത്തു വന്നു. അതേസമയം യുഡിഎഫ് പതനം സമ്പൂർണമാക്കി സംഘ പരിവാറിനെ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷ നേതാവും കൂട്ടരും അച്ചാരം വാങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കണമെന്ന് ചിലർ പ്രതികരിച്ചു. വിഡ്ഡിക്കൂട്ടങ്ങളുടെ കൈയടി നേടാൻ പ്രതിപക്ഷ നേതാവും പാർടി പ്രസിഡണ്ടും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഭൂരിപക്ഷം വരുന്ന ബാക്കിയുള്ളവരുടെ വക തിരിവിനെ കൊഞ്ഞനം കുത്തുന്നതാണെന്ന് കോൺഗ്രസിലെ ദുഷ്ടമനസുള്ളവരെ ബോധ്യപ്പെടുത്താൻ സുധീരന് കഴിയട്ടെയെന്നും പ്രതികരണമുയർന്നു.