തിരുവനന്തപുരം: ഹിന്ദുത്വയെ വിമർശിച്ച കുറ്റത്തിന് കന്നഡ നടൻ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത കർണാടക പൊലീസിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററിൽ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ അഹിംസയെ അറസ്റ്റ് ചെയ്തത്.
ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ‘ഹിന്ദുത്വ’ എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർത്ഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്? എന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാർ എന്നും ശ്രമിച്ചുപോരുന്നത്. അതിൻ്റെ തുടർച്ചയായി വേണം ഹിന്ദുത്വയെ വിമർശിച്ചതിൻ്റെ പേരിൽ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത സംഭവത്തെ കാണാൻ.
ഹിന്ദുത്വയെ വിമർശിച്ചു എന്ന കുറ്റത്തിനാണ് എംഎം കൽബുർഗിയും ഗൗരി ലങ്കേഷും കർണാടകയുടെ മണ്ണിൽ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്ന കർണാടകയിൽ ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്. അതിൻ്റെ ഭാഗമായാണ് ടിപ്പു സുൽത്താനെ വധിച്ചത്. വൊക്കലിഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാർ നടത്തിയത്.
നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്രവസ്തുത മറച്ചുവെച്ചുകൊണ്ട് വർഗ്ഗീയ ധ്രുവീകരണത്തിനാണ് കർണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടൻ ചേതൻ തൻ്റെ ട്വീറ്റിലൂടെ വിമർശിച്ചത്. നാടിനെ സർക്കാർ സംവിധാനം ഉപയോഗിച്ച് വർഗ്ഗീയക്കളമാക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.