തിരുവനന്തപുരം: ആദിവാസി പുനരധിവാസവികസന മിഷൻ മുഖേന സംസ്ഥാന സർക്കാർ 1684 പേർക്ക് 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തതായി മന്ത്രി കെ രാധാകൃഷ്ണൻ. ഭൂരഹിത പുനരധിവാസപദ്ധതി പ്രകാരം ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിക്ക് 3.75 ലക്ഷം രൂപയും നഗര പ്രദേശത്ത് കുറഞ്ഞത് മൂന്നു സെന്റ് വാങ്ങാൻ 4.5 ലക്ഷം രൂപയും അനുവദിക്കുന്നുണ്ട്. 2022- 23ൽ ഇതുവരെ 3138 പേർക്കായി 122.60 കോടി രൂപ ചെലവഴിച്ചതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ദുർബലവിഭാഗ പുനരധിവാസ പദ്ധതിപ്രകാരം ഈ വർഷം ഫെബ്രുവരി 28 വരെ 168 ഗുണഭോക്താക്ക്ൾക്ക് ഭൂമി ഉറപ്പാക്കാൻ 8.40 കോടി ചെലവഴിച്ചു. ദുർബലവിഭാഗത്തിലെ 35 പേർക്ക് കൃഷിഭൂമിക്കായി 3.50 കോടിയും ചെലവഴിച്ചു. ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം 198 പേർക്ക് 38.07 ഏക്കർ ഭൂമിയും നിക്ഷിപ്ത വനഭൂമി വിതരണപദ്ധതി പ്രകാരം 117 പേർക്ക് 52.20 ഏക്കർ ഭൂമിയും വനാവകാശ നിയമപ്രകാരം 1369 പേർക്ക് 1699.04 ഏക്കർ ഭൂമിയുടെ കൈവശാവകാശ രേഖയും നൽകിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.