സ്പീക്കർ റൂളിംഗ് നൽകിയതിന് ശേഷവും തുടർച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടിൽ നിന്ന് പിന്തിരിയാത്ത പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. സമാന്തര സഭ പാർലമെന്ററി ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും മറ്റുനേതാക്കളും ഇതിന് നേതൃത്വം നൽകുന്നത് ശരിയല്ലെന്നും എംബി രാജേഷ് വിമർശനം ഉന്നയിച്ചു. സഭ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേത്.
അടിയന്തിര പ്രമേയ നോട്ടീസ് നൽകി അത് പരിഗണിക്കുമോ എന്ന് കാക്കാതെ പ്രതിഷേധം ആരംഭിച്ചത് ഇതിൻ്റെ തെളിവാണ്. സമാന്തര സഭാ നടത്തിപ്പിൽ ശക്തമായ നടപടി സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് എംബി രാജേഷ് പറഞ്ഞു. സഭയുടെ നടുത്തളത്തിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സത്യാഗ്രഹം പ്രഖ്യാപിച്ചതിനൊപ്പം ബഹളമുണ്ടാക്കി ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ഇതോടെ ചോദ്യോത്തര വേള സ്പീക്കർ റദ്ദുചെയ്തു.
പിന്നാലെയാണ് മന്ത്രിയുടെ വിമർശനം. പ്രതിപക്ഷം പാർലമെന്ററി നടപടികളെ വെല്ലുവിളിക്കുകയാണെന്നും ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും എംബി രാജേഷ് ചൂണ്ടിക്കാണിച്ചു. അതിന് പ്രതിപക്ഷ നേതാവും ഉപനേതാവും നേതൃത്വം നൽകുന്നത് നിർഭാഗ്യകരമാണെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. സ്പീക്കറെ പ്രതിപക്ഷം അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സഭയ്ക്ക് അകത്തോ പുറത്തോ സ്പീക്കറെ വിമർശിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ പീക്കറുടെ റൂളിംഗിനെ അടക്കം വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. സ്പീക്കറോടുള്ള പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് പത്രക്കുറിപ്പ് ഇറക്കിയല്ലെന്ന് ചൂണ്ടിക്കാണിച്ച എംബി രാജേഷ് പഴയ റൂളിംഗും സഭയിൽ വായിച്ചു. പ്രതിപക്ഷ നേതാവിൻ്റെ കാർമ്മികത്വത്തിൽ ഈ റൂളിംഗിന്റെ നഗ്നമായ ലംഘനമാണ് സഭയ്ക്ക് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.