കൊച്ചി: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷന് മുന്നിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൻ്റെ പേരിൽ സി.പി.എം. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് നൽകിയ പരാതിയിലാണ് സെൻട്രൽ പോലീസ് കേസെടുത്തത്.
ബ്രഹ്മപുരം വിഷയത്തിൽ കോൺഗ്രസ്, കൊച്ചി കോർപറേഷനിൽ നടത്തിയ ഉപരോധത്തിൽ കോൺഗ്രസ് പ്രവർത്തകരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. കോർപറേഷൻ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലാവുകയും ചെയ്തു.
കെ.സുധാകരൻ്റെ പ്രസംഗത്തിലെ പരാമർശങ്ങളാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ കൗൺസിലറുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി. 153 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രസംഗത്തിന്റെ ഫൂട്ടേജുകൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്നും സെൻട്രൽ സി.ഐ. അറിയിച്ചു.