ന്യൂ ഡൽഹി: 2021-22 വർഷത്തിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്ത് 26 കോടി തൊഴിൽ ദിനങ്ങളുടെ കുറവ് വന്നതായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം. രാജ്യസഭയിൽ ഡോ വി ശിവദാസൻ എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാരിൻ്റെ കുറ്റസമ്മതം.
2020-21 ൽ 389 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-22 ൽ 363 കോടി ആയി കുറഞ്ഞു, തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിൽ യുപിയാണ് മുന്നിൽ. യുപിയിൽ മാത്രം 6.87 കോടി തൊഴിൽ ദിനങ്ങൾ കുറഞ്ഞു. ബീഹാർ -4.65 കോടി, മധ്യപ്രദേശ് -4.2 കോടി, രാജസ്ഥാൻ -3.62 കോടി, ഛത്തീസ്‌ഗഢ് 1.48 കോടി എന്നിങ്ങനെയാണ് വൻ കുറവ് വരുത്തിയ സംസ്ഥാനങ്ങളിലെ കണക്കുകൾ.
18 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളും കുറവ് രേഖപ്പെടുത്തി. ദാദ്ര നഗർ ഹവേലി -ദാമൻ ആൻഡ് ഡിയു വിൽ നിലവിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നില്ല. എന്നാൽ ദേശീയ ചിത്രത്തിൽ നിന്നും വ്യത്യസ്‍തമായി കേരളത്തിൽ തൊഴിൽ ദിനങ്ങൾ കൂടി. 2020-21 ൽ 10.23 കോടി തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത് 2021-22 ൽ 10.56 കോടി ആയി ഉയർന്നു. അതേസമയം കേരളത്തിന് അനുവദിച്ച ധനവിഹിതം 822 കോടി കുറവാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്യാസ് സബ്‌സിഡി ഇല്ലാതാക്കിയ ബിജെപി സർക്കാർ, പദ്ധതി വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം നൽകാതെ കുടിശ്ശിക വരുത്തി. തൊഴിൽ ദിനങ്ങൾ കൂടിയിട്ടും കേരളത്തിന് അനുവദിച്ച തുക വൻതോതിൽ കുറച്ചത് ബിജെപി സർക്കാരിൻ്റെ കേരള വിരുദ്ധ സമീപനത്തിൻ്റെ തെളിവാണെന്ന് വി ശിവദാസൻ എംപി പറഞ്ഞു.