കൊച്ചി: മതനിരപേക്ഷതയ്ക്കും ഫെഡറൽ സംവിധാനത്തിനും നേരെ കടന്നാക്രമണമുണ്ടാകുമ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം നടപടികൾ കണ്ടില്ലെന്നു നടിക്കുന്നത് മാധ്യമങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 150 – മത് സ്ഥാനത്താണെന്നത് അപമാനകരമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്ന് ഓർമ്മിക്കണം. മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വവും മാധ്യമങ്ങൾക്കുണ്ട്.
മാതൃഭൂമി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങൾ വർഗീയതയെ താലോലിച്ചാൽ .മതനിരപേക്ഷത വളർത്താനാവില്ല. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് നിഷേധിക്കുന്നതിന് എതിരെയും മാധ്യമങ്ങൾ ശബ്ദിക്കണം. ഏക ഭാഷാ നയം അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കം എതിർക്കപ്പെടണം. ഈ നീക്കം മലയാള മാധ്യമങ്ങൾക്ക് ഭീഷണിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.