തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം അനുവദിച്ച തുക സംസ്ഥാനം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചെന്ന പ്രചാരണം പച്ചക്കള്ളം. സാധന സാമഗ്രികൾക്കും ഭരണച്ചെലവിനുമായി 297.79 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന മിഷൻ ഫണ്ടിലേക്ക് സംസ്ഥാന സർക്കാർ 310 കോടി രൂപ നൽകി.
ഫെബ്രുവരി ഒമ്പതിനാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തുക അനുവദിച്ച് ഉത്തരവിറക്കുന്നത്. ഇതനുസരിച്ച് 224.73 കോടി രൂപ സാധനസാമഗ്രികൾക്കായും, 73.06 കോടി രൂപ ഭരണച്ചെലവിലേക്കും ഉപയോഗിക്കാമെന്നും അറിയിച്ചു. ഇതിനൊപ്പം സാധനസാമഗ്രി ഇനത്തിലെ സംസ്ഥാന വിഹിതവും ചേർത്ത് 310 കോടി രൂപ അനുവദിച്ച് ഫെബ്രുവരി 15ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഇതിൽ 177.69 കോടി സാധനസാമഗ്രി ഇനത്തിൽ കേന്ദ്ര വിഹിതവും, 59.22 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 73.06 കോടി ഭരണച്ചെലവിനായി വിനിയോഗിക്കാമെന്നും നിർദേശിച്ചു. ഭരണച്ചെലവ് തുകയും, സാധനസാമഗ്രി കേന്ദ്ര വിഹിതവും സംസ്ഥാന മിഷൻ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. സംസ്ഥാന വിഹിതം മാത്രമാണ് അവശേഷിക്കുന്നത്.
കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പിനായുള്ള വകയിരുത്തൽ കുറഞ്ഞതിനാൽ അധിക ധനാഭ്യർഥനയിലൂടെ ലഭ്യമാക്കിയ തുകയിൽ 47.03 കോടി രൂപ സാധനസാമഗ്രി ഇനത്തിൽ കേന്ദ്രം അനുവദിച്ചു. ഇതിന് ആനുപാതിക സംസ്ഥാന വിഹിതമായി 15.69 കോടിയും ചേർത്ത് 62.72 കോടി രൂപ അനുവദിച്ച് 14ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാധന സാമഗ്രി വിതരണത്തിനും നിർവഹണ ചെലവിനുമായി കേന്ദ്ര സർക്കാർ 297 കോടി രൂപ അനുവദിച്ച് ഒരു മാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ സംസ്ഥാന സർക്കാർ തടഞ്ഞുവെച്ചതായാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.