തിരുവനന്തപുരം: അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് പുറത്ത് വിട്ട ആഗോള തലത്തിലെ 20 കൊടും ഭീകര സംഘടനകളുടെ പട്ടികയിൽ തിരുത്ത്. പട്ടികയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് നൽകിയതാണ് തിരുത്തിയത്. യഥാർത്ഥത്തിൽ ഉദ്ദേശിച്ച ഭീകരസംഘടന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റാണെന്ന് ഏജൻസി അറിയിച്ചു. എന്നാൽ കേട്ടപാതി കേൾക്കാതെ പാതി പ്രചരണം കൊഴുപ്പിക്കുകയാണ് സംഘപരിവാറും കൂട്ടരും. ഏജൻസി തന്നെ തെറ്റ് തിരുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടും കള്ളപ്രചരണം തുടരുകയാണ്.
ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് പുറത്തുവിട്ട ആഗോള ഭീകര സംഘടനകളെ കുറിച്ചുള്ള റിപ്പോർട്ട് രാജ്യത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. 2022 ലെ ആഗോള ഭീകര പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് തയ്യാറാക്കിയതായിരുന്നു റിപ്പോർട്ട്. ഐഎസ്, അൽ ഷബാബ്, ഐഎസ് ഖൊറാസൻ പ്രവിശ്യ, ജമാഅത്ത് നുസ്രത് അൽ ഇസ്ലാം വാ മുസ്ലിമീൻ, ബലോചിസ്ഥാൻ ലിബറേഷൻ ആർമി, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ബോകോ ഹറാം, തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ, ഇസ്ലാമിക് സ്റ്റേറ്റ് സിനാൻ പ്രവിശ്യ, പിഒബി എന്നീ സംഘടനകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.
കേരളത്തിൽ ഇത് ചർച്ച ചെയ്യപ്പെട്ടത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ 12ാമത്തെ ഭീകര സംഘടനയായി വിലയിരുത്തിയതോടെയാണ്. എന്നാൽ സോഷ്യൽമീഡിയ വാസ്തവം തേടി കണ്ടെത്തി. ഇതോടെ ഏജൻസിയും നിജസ്ഥിതി മനസിലാക്കി പട്ടിക തിരുത്തുകയായിരുന്നു. പക്ഷേ, പഴയ പട്ടികയ്ക്ക് പിന്നാലെയാണ് സംഘപരിവാറും ചില മാധ്യമങ്ങളും.
ബീഗം ആശ ഷെറിൻ എന്ന സംഘപരിവാർ അനുഭാവി ലൈവിൽ പറഞ്ഞത് ഇപ്രകാരമാണ്. ‘ലോക തീവ്രവാദ സംഘടനകളുടെ കണക്കെടുത്തപ്പോൾ അതിൽ പന്ത്രണ്ടാമത്തെ സ്ഥാനത്തുള്ളത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്, ആ പാർട്ടി ഇപ്പോൾ കേരളത്തിൽ മാത്രമാണ് ഉള്ളതെന്നും അവരാണ് ഇപ്പൊ നമ്മളെ ഭരിക്കുന്ന പിണറായി വിജയനും കൂട്ടരും. ഇസ്ലാമിക് സ്റ്റേറ്റ്സിനെ ഒക്കെ പോലെയുള്ള തീവ്രവാദ സംഘടനയാണ് ഇന്ത്യയിൽ കേരളത്തിൽ മാത്രം ഒതുങ്ങിയ ഈ കമ്മ്യൂണിസ്റ്റ് പാർട്ടി’. ജന്മഭൂമിയും കേരള കൗമുദിയുമാണ് ഈ അനുഭാവി ഇപ്രകാരം പറയാനുള്ള ഇവരുടെ ഉറവിടം എന്നതാണ് മറ്റൊരു വസ്തുത. ഇത്രയും വിശദമായി ആ റിപ്പോർട്ടിൽ പറഞ്ഞിട്ടും മാധ്യമങ്ങൾ അതിലെ പട്ടിക പോലും തിരുത്തി നൽകുകയായിരുന്നു.
ഇന്റർനാഷണൽ ഇക്കണോമിക്സ് ആന്റ് പീസ് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ
‘ഗ്ലോബൽ ടെററിസം ഇന്റക്സിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് ഞങ്ങളെ ബന്ധപ്പെട്ടതിന് നന്ദി. ഡ്രാഗൺഫ്ലൈയുടെ ടെററിസം ട്രാക്കറിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അവരുടെ ഡാറ്റാബേസിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) നെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേര് ഉൾപ്പെടുത്തിയും കണ്ടില്ല. ഇത് സംബന്ധിച്ച് മനസിലാക്കിയ ഉടൻ തന്നെ ഞങ്ങൾ നടപടിയെടുത്തു. റിപ്പോർട്ടിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചതിനും ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിനും ഒന്നുകൂടി നന്ദി പറയുന്നു.’