തിരുവനന്തപുരം: നിയമ നിർമ്മാണ സഭകൾക്കും അവ നിർമ്മിക്കുന്ന നിയമങ്ങൾക്കും മേലേയല്ല തങ്ങളെന്ന് ഭരണകർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് കേരള സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് ഐ ബി സതീഷ് എംഎൽഎ പറഞ്ഞു.
സാങ്കേതിക സർവ്വകലാശാലാ വൈസ് ചാൻസലറായി സർക്കാരിനെ മറികടന്ന് ഒരു ജൂനിയർ അദ്ധ്യാപികയെ നിയമിച്ച ചാൻസലറുടെ നടപടിയെ കേരള ഹൈക്കോടതി നേരത്തേ തന്നെ വിമർശിച്ചിരുന്നു. അത് വകവയ്ക്കാതെ സർവകലാശാലാ സിൻഡിക്കേറ്റിനെ മറികടക്കാൻ UDF – BJP അനുകൂല കടലാസ് സംഘടനകളുടെ വക്കാലത്തുമായി നടക്കുകയാണ് വൈസ് ചാൻസലർ. സർവ്വകലാശാലയുടെ ദൈനം ദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിളപ്പിൽശാലയിൽ പുതിയകാമ്പസിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുവാനും സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങൾ ചാൻസലർ കൂടിയായ ഗവർണറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സസ്പെന്റ് ചെയ്ത നടപടി തിരുത്തുവാനായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. രാജ്യത്തെ നിയമ വ്യവസ്ഥയുടെ മഹിത പാരമ്പര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ചാൻസലറുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി.
അധികാരം കിട്ടാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് സർക്കാരുകളെ അസ്ഥിരപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനാവശ്യ ഇടപെടൽ നടത്താനുമുള്ള സംഘപരിവാർ നീക്കങ്ങൾക്ക് മുഖമടച്ചുള്ള പ്രഹരമാണ് ഹൈക്കോടതി വിധി. അധികാരപ്രമത്തത കാട്ടുന്ന കേരള ഗവർണർക്കുള്ള ശക്തമായ താക്കീതും. സർവകലാശാലാ സിൻഡിക്കേറ്റിലെ നിയമസഭാ സാമാജികരുടെ പ്രതിനിധി എന്ന നിലയിലും സർവകലാശാലാ ആസ്ഥാനമായി മാറുവാൻ പോകുന്ന മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും ഈ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുവാനായതിൽ ചാരിതാർത്ഥ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പിണറായി വിജയൻ സർക്കാരിൻ്റെ പുരോഗമനപരമായ ഇടപെടലുകൾക്ക് ഗതിവേഗമേറ്റാൻ ഹൈകോടതി വിധി സഹായിക്കുമെന്ന് സതീഷ് പറഞ്ഞു.