തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്ക് നിക്ഷേപത്തിൽ വൻവർദ്ധനവ് ഉണ്ടായെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിൽ എത്രശതമാനം കുറവ് ഉണ്ടായെന്ന കോൺഗ്രസ് എംഎൽഎ മാരായ അൻവർ സാദത്തിൻ്റെയും, ഷാഫി പറമ്പിലിൻ്റെയും ചോദ്യത്തിന് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2020-21, 2021-22 വർഷങ്ങളിൽ നിക്ഷേപത്തിൽ കുറവ് ഉണ്ടാവുകയല്ല, മറിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണക്കുകൾ ഉദ്ധരിച്ച് മന്ത്രി മറുപടി നൽകി.
2020-21 വർഷത്തിൽ അതിന് തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച് 8439.51 കോടിരൂപയുടെ വർദ്ധനവും. 2021-22 ൽ 9967.43 കോടി രൂപയുടെ വർദ്ധനവുമാണ് ഉണ്ടായത്. കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള പ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞതായി ഇത് വ്യക്തമാക്കുന്നു. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള പ്രസ്ഥാനമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി പറഞ്ഞു.