തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് (KEMS 2023) മാർച്ച് 17, 18, 19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. സമ്മിറ്റിൻ്റെ ഔപചാരിക ഉദ്ഘാടനം മാർച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒ ബൈ ടമാരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്തെ സമഗ്ര എമർജൻസി ആന്റ് ട്രോമകെയർ ശക്തിപ്പെടുത്തുന്നതിനായാണ് പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപകടങ്ങളിലൂടെയും ഗുരുതര രോഗങ്ങളിലൂടെയും എത്തുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അത്യാഹിതങ്ങളിൽപ്പെട്ട രോഗികൾക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ അടിയന്തര പരിചരണം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മെഡിക്കൽ കോളേജുകളിൽ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള പരിശീലനങ്ങൾക്കും സർക്കാർ പ്രാധാന്യം നൽ കുന്നു. ഇതിനായി തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്ററിന് (എ.ടി.ഇ.എൽ.സി.) നൂതന ഉപകരണങ്ങൾ വാങ്ങാൻ അടുത്തിടെ 2.27 കോടി രൂപ അനുവദിച്ചിരുന്നു.