തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ സ്പീക്കുടെ ഓഫീസിനു മുമ്പിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിയ അക്രമത്തിനിടയിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചു. വനിതാ ആംഡ് പോലീസ് ബറ്റാലിയനിൽ നിന്ന് താൽക്കാലികമായി വാച്ച് ആന്റ് വാർഡ് ഡ്യൂട്ടിക്കെത്തിയ രണ്ട് വനിതാ പോലീസുകാർക്കാണ് യുഡിഎഫ് എ എൽ എ യിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഒരു യുഡിഎഫ് എംഎൽഎയും പിഎയും ലൈംഗികാതിക്രമം നടത്തിയെന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള വനിതാ വാച്ച് ആൻഡ് വാർഡ് പോലീസിന് മൊഴി നൽകി.
സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലൈംഗികോദ്ദേശ്യത്തോടെയുള്ള പെരുമാറ്റമുണ്ടായതെന്ന് മൊഴിയിൽ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർ നടപടികളാരംഭിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ പിന്നിൽനിന്നുള്ള തള്ളലിൽ സംശയം തോന്നിയാണ് ഉദ്യോഗസ്ഥ തിരിഞ്ഞു നോക്കിയത്. എന്നാൽ, എംഎൽഎയ്ക്കും പിഎയ്ക്കും പിന്നിൽ മറ്റാരുമുണ്ടായിരുന്നില്ല. മറ്റൊരു വനിതാ പോലീസുദ്യോഗസ്ഥക്കും ഇതേ അനുഭവമുണ്ടായി. എംഎൽഎ മാസ്ക് ധരിച്ചിരുന്നതായും പേരറിയില്ലെന്നും മൊഴിയിൽ പറയുന്നു. സഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റവാളിയാരെന്ന് വ്യക്തമാകും. വനിതാ പോലീസ് ബറ്റാലിയനിൽനിന്ന് ഫെബ്രുവരി 27നാണ് ഇരുവരും വാച്ച് ആൻഡ് വാർഡ് ഡ്യൂട്ടിക്കെത്തിയത്.