തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 50 പാലങ്ങൾ പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂർ ജില്ലയിലെ എടത്തിരുത്തി – താന്ന്യം പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ അഴിമാവ് കടവ് പാലമാണ് നാടിന് സമർപ്പിക്കുന്ന അമ്പതാമത്തെ പാലം. കരുവന്നൂർ പുഴയ്ക്കും കനോലി കനാലിനും കുറുകെ നിർമ്മിച്ച പാലം ശനിയാഴ്ച നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2021 മെയ് മാസത്തിനും 2023 മാർച്ചിനും ഇടയിലാണ് ഈ പാലങ്ങളുടെ പണി പൂർത്തിയാക്കിയത്. 600 കോടി 75 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 140 പാലങ്ങളുടെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.