കൊച്ചി: കൊച്ചിയിൽ പെയ്ത വേനൽ മഴയിൽ ആസിഡിൻ്റെ അംശമുണ്ടെന്ന മനോരമ വാർത്ത നിമിഷങ്ങൾക്കുള്ളിൽ പൊളിഞ്ഞു. രാത്രി പെയ്ത വേനൽമഴയുടെ പഠന റിപ്പോർട്ടിനു കാത്തു നിൽക്കാതെ, ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ആസിഡ് മഴ സ്ഥിരീകരിച്ച് മനോരമ ജനങ്ങളെ പേടിപ്പിച്ചത്. നാല് ജില്ലകളിൽ ആസിഡ് മഴ പെയ്യുമെന്ന് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയിരുന്നു. വേനൽമഴയിൽ ആസിഡ് അംശം ഇല്ലെന്നും സാധാരണമഴ വെള്ളത്തിൻ്റെ ശുദ്ധിതന്നെ ബുധനാഴ്ച രാത്രി കൊച്ചിയിൽപെയ്ത മഴയിലെ വെള്ളത്തിനുണ്ടെന്നും കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രത്തിലെ പരിശോധനയിൽ വ്യക്തമായി. കളമശേരിയിൽ കുടയിൽ വിള്ളൽ വീണത് മഴയുടെ അമ്ലഗുണം മൂലമാണെന്ന് മനോരമ കണ്ടെത്തിയിരുന്നു. കളമശേരിയിൽ നാല് വ്യത്യസ്ത മേഖലകളിൽ നിന്ന് ശേഖരിച്ച മഴവെള്ളമാണ് കുസാറ്റിൽ പഠന വിധേയമാക്കിയത്.
നാലു സാമ്പിളിലും മഴ വെള്ളത്തിൻ്റെ പിഎച്ച് മൂല്യം ഏഴിനടുത്താണ്. ഇതു സാധാരണ മഴവെള്ളത്തിൻ്റെ പിഎച്ച് മൂല്യമാണ്. നാലിനടുത്ത് എത്തിയാലാണ് ആസിഡ് മഴയായി കണക്കാക്കുന്നത്. 6.8, 6.6, 6.9, 6.7 എന്നിങ്ങനെയാണ് കുസാറ്റ് പഠനവിധേയമാക്കിയ നാലു മേഖലയിലെ മഴവെള്ളത്തിൻ്റെ പിഎച്ച് മൂല്യമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ വെള്ളത്തിൻ്റെ പി എച്ച് മൂല്യം ഏഴാണ്. ബുധനാഴ്ചത്തെ മഴയിലും ഏകദേശം അതിനടുത്ത് തന്നെയാണ്. പിഎച്ച് മൂല്യം ഏഴിനു മുകളിലായാൽ ആൽക്കലൈൻ അംശവും ഏഴിൽ താഴെയായാൽ ആസിഡ് അംശവും കാണാം. എന്നാൽ കൊച്ചിയിൽ സാധാരണ മഴയിൽ കാണുന്ന പി എച്ച് മൂല്യമാണ് അഞ്ചുമുതൽ ആറുവരെയുള്ളത്. ബുധൻ രാത്രിയിലെ മഴയിലും ഇതു തന്നെയാണു കാണുന്നത്. കുസാറ്റിൽ മൂന്നു വ്യത്യസ്ത കമ്പനിയുടെ പിഎച്ച് മീറ്ററുകളിൽ നാലു സാമ്പിളും പഠന വിധേയമാക്കി. എല്ലാം ഒരേ പിഎച്ച് മൂല്യമാണു കാണിച്ചത്.
ലിറ്റ്മസ് പരിശോധന നടത്തിയാൽ ഏതു മഴയിലും അമ്ലഗുണം കാണിക്കാം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് മഴവെള്ളത്തിലലിഞ്ഞ് കാർബോണിക് ആസിഡാവാറുണ്ട്. അതാണ് ലിറ്റ്മസ് ടെസ്റ്റിൽ കാണിക്കുന്നത്. അത് മഴവെള്ളത്തിൽ സൾഫ്യൂറിക് ആസിഡിൻ്റെയൊ മറ്റോ സാന്നിധ്യമായി കണക്കാക്കാനാവില്ല.