തിരുവനന്തപുരം: എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച ആരംഭിക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൂടുതൽ ഈടുനിൽക്കുന്ന റോഡുകൾ നിർമ്മിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് എഫ്ഡിആർ (ഫുൾ ഡെപ്ത് റിക്ലമേഷൻ). നിലവിലുള്ള റോഡിലെ അസംസ്കൃത വസ്തുക്കൾ തന്നെ പുനരുപയോഗിച്ച് കൂടുതൽ ഈടുനിൽക്കുന്ന രീതിയിൽ റോഡ് നിർമ്മിക്കുന്നതാണ് എഫ്ഡിആർ സാങ്കേതികവിദ്യ.
ചെലവ് കുറവും ഗുണനിലവാരം കൂടുതലുമായ ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതിയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആനയടി പഴക്കുളം റോഡിലാണ് എഫ്ഡിആർ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പിലാക്കിയത്. 2018 ഒക്ടോബറിൽ തുടങ്ങി ഡിസംബറിൽ പ്രവൃത്തി അവസാനിച്ചു. മൂന്ന് മാസം കൊണ്ട് അഞ്ച് കിലോമീറ്റർ റോഡ് ആധുനികനിലവാരത്തിൽ നവീകരിക്കാൻ സാധിച്ചു. നാല് വർഷത്തിന് ശേഷവും ഈ റോഡിന് കാര്യമായ കേടുപാടുകൾ വന്നിട്ടില്ല.
ഇപ്പോൾ സംസ്ഥാനവ്യാപകമായി എഫ്ഡിആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജകമണ്ഡലത്തിൽ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ എഫ്ഡിആർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.