തിരുവനന്തപുരം: സഹകരണവകുപ്പ് മാലിന്യനിർമ്മാർജ്ജന മേഖലയിൽ നടത്തുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ തുടക്കമിട്ട ‘ഈ നാട്’ എന്ന യുവജന സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഉറവിടമാലിന്യ സംസ്കരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്നത്. കൂടുതൽ ജില്ലകളിലേക്ക് പദ്ധതി എത്തിക്കുന്നതിനും, ജനങ്ങൾക്ക് സേവനം വേഗതയിൽ ലഭ്യമാകുന്നതിനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിനായുള്ള ആപ്പ് മന്ത്രി വിഎൻ വാസവൻ പുറത്തിറക്കി. മാലിന്യസംസ്കരണമേഖലയിൽ സർവ്വീസ് പ്രൊവൈഡർ ആപ്പ് പുറത്തിറക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി ജീബിൻ, ഇനോക്കുലം തുടങ്ങിയ സാധനങ്ങൾ ഈ ആപ്പിലൂടെ ഓർഡർ ചെയ്യുന്നതിന് സാധിക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 2021 ആഗസ്റ്റ് 8 ന് പ്രവർത്തനം ആരംഭിച്ച യുവജന സഹകരണ സംഘമാണ് ‘ഈ നാട്’.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാർട്ട് അപ് ആയ ഫോബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ജൈവമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 2022-ൽ ശുചിത്വമിഷൻ അംഗീകരിച്ച സർവ്വീസ് പ്രൊവൈഡറായി സഹകരണ രംഗത്തു നിന്ന് ഈ മേഖലയിലേക്ക് കടന്നുവരുന്ന ആദ്യ യുവജനസംഘമായി ‘ഈ-നാട്’ മാറി. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചിത്വം സഹകരണം പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി ഈ നാട് യുവജന സഹകരണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനം നടക്കുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയിൽ രണ്ട് പ്രൊജക്ടുകളിലായി 1766 (പൊതുവിഭാഗം 1749 എണ്ണവും എസ്ടി വിഭാഗം 17 എണ്ണവും) ജിബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ 74 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കാൻ കരാറായി.
പദ്ധതി തൃശൂർ ജില്ലയിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് നടപടി തുടങ്ങി. മലപ്പുറം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും സംഘം പ്രവർത്തനം വ്യാപിപ്പിക്കും. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 26250 ജീബിന്നിന്റെ യൂണിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഇ-നാടിന് ലഭിച്ചു. പ്രൊജക്ട് ഈ മാർച്ച് 20-ന് ആരംഭിക്കും. കോഴിക്കോട് കോർപ്പറേഷനിൽ ആദ്യഘട്ടത്തിൽ 15 പേർക്ക് തൊഴിൽ നൽകാൻ സാധിക്കും.
ഇ-നാടിൻ്റെ ജിബിന്നിൻ്റെ പ്രത്യേകതകൾ;
നിലവിൽ നൽകപ്പെടുന്ന ഉപാധികളുടെ ഉപയോഗക്രമം അറിയാത്തതുകൊണ്ടും, ഇനോക്കുലത്തിൻ്റെ ലഭ്യതക്കുറവും, ആളുകളെ ഈ പ്രവർത്തനത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നു. ഇ-നാട് യുവജന സംഘം ഒരു മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. സംഘം വിതരണം ചെയ്യുന്നത് ജീബിൻ എന്ന ഉപാധിയും ജീ-കമ്മ്യൂണിറ്റി എന്ന ഇൻഡസ്ട്രി മോഡൽ ഡിവൈസുമാണ്. ഇൻഡ്യയിലെ തന്നെ ആദ്യത്തെ മൾട്ടിലെയർ ഏയ്റോബിൻ ബിന്നാണ് ജീബിൻ, മലിനജലശല്യമോ, ദുർഗന്ധമോ, പുഴുവിൻറെ ശല്യമോ ഇല്ലാതെ അടുക്കളയിലെ ജൈവമാലിന്യങ്ങളെ സംസ്കരിച്ച് ഉത്തമ ജൈവവളമാക്കി മാറ്റുന്ന നൂതന ഉത്പന്നമാണ്.