തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി പി. രാജീവ്. അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപിടിച്ചത് ഇന്നും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേർന്ന് തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
അമേരിക്കയിലെ അലബാമയിൽ നവംബറിൽ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രഹ്മപുരത്ത് തീ പടർന്ന് അത് അണച്ചുകഴിഞ്ഞ സന്ദർഭത്തിൽ, അതിൽ പങ്കെടുത്ത മുഴുവൻ ആളുകളേയും അഭിനന്ദിക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. അതിന് പകരം പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് തെറ്റാണ്. അടിയന്തരപ്രമേയ നോട്ടീസ് വായിച്ചാൽ തന്നെ അതിലെ പൊള്ളത്തരം മനസ്സിലാകുമെന്ന് മന്ത്രി പറഞ്ഞു.
അങ്ങേയറ്റം ലജ്ജാകരമാണ് പ്രതിപക്ഷത്തിന്റെ സമീപനം. മറുപടിക്ക് നിൽക്കാതെ അവർ പോയി. അവർ തമ്മിൽ എന്തോ തർക്കമുണ്ടായെന്നാണ് മനസ്സിലായത്. ആ തർക്കം ബഹളമാക്കിയിട്ട് ഇറങ്ങിപ്പോയതാണെന്നാണ് തോന്നുന്നത്. അതാണ് അവരുടെ രീതിയെന്നും മന്ത്രി പറഞ്ഞു.