‘പ്രളയ ദുരിതാശ്വാസ ക്യാംപിൽ സിപിഎം നേതാവിൻ്റെ പണപ്പിരിവ്’ വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ച വാർത്തയായിരുന്നു ഇത്. എന്നാൽ, ദുരിതാശ്വാസ ക്യാമ്പിൽ സാധനങ്ങൾ എത്തിച്ച ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ പോക്കറ്റിലെ പണം തികയാത്തതിനാൽ ക്യാമ്പ് അംഗങ്ങളിൽ നിന്ന് ചില്ലറകൾ വാങ്ങി ഓട്ടോയ്ക്ക് 70 രൂപ വാടക നൽകിയതായിരുന്നു ഓമനക്കുട്ടൻ. വാർത്തയിലെ നിജസ്ഥിതി പുറത്ത് വന്നതോടെ തെറ്റ് തിരുത്താൻ മാധ്യമങ്ങളും തയ്യാറായിരുന്നില്ല. ഇപ്പോൾ മാധ്യമ വാർത്തകൾ ഏൽപ്പിച്ച മുറിപ്പാടിനെ കുറിച്ച് മനസ് തുറക്കുകയാണ് ഓമനക്കുട്ടൻ്റെ മകൾ സുകൃതി.
കടപ്പാട്; കൈരളി
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായപ്പോഴാണ് സുകൃതി കടന്നുവന്ന കനൽവഴികളെ കുറിച്ച് പറഞ്ഞത്. എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ സുകൃതിയെ ജനകീയ പ്രതിരോധ ജാഥയുടെ വേദിയിൽ ആദരിച്ചിരുന്നു.
‘വലിയ സന്തോഷമുണ്ട്. പാർട്ടി എല്ലാത്തിനും എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്നു. എക്സാം അഡ്മിഷൻ കിട്ടിയപ്പോഴും അത് കഴിഞ്ഞിട്ടുള്ള കാര്യങ്ങൾക്കും പാർട്ടി കൂടെ നിന്നു. എൻട്രൻസിന് തയ്യാറെടുത്തു കൊണ്ടിരുന്ന സമയത്തായിരുന്നു അച്ഛനെതിരെ ആരോപണം ഉയർന്നത്. അപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നെ പതിയെ എല്ലാം ശരിയായി. കുഴപ്പമില്ല. അച്ഛനെക്കുറിച്ച് അങ്ങനെ പറഞ്ഞതിൽ വിഷമം തോന്നി. അച്ഛൻ്റെ ഫോട്ടോയൊക്കെ വച്ച് വാർത്ത പോയപ്പോൾ ഭയങ്കര വിഷമം തോന്നി. സത്യാവസ്ഥ എന്താന്ന് അറിയാണ്ട് ആരോടും ഇങ്ങനെ ചെയ്യരുത്. ആ സമയത്ത് വീട്ടുകാർ അനുഭവിക്കുന്ന ആ ബുദ്ധിമുട്ട് വളരെ വലുതാണ്, സുകൃതി പറയുന്നു.