ദില്ലി: ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്ന് കെ മുരളീധരൻ എംപി. രണ്ട് എം.പി മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോൾ അത് കോൺഗ്രസിന് ഗുണമാണോ ദോഷമാണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് എം പിമാരെ പിണക്കിയതിൻ്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല. തൻ്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നൽകും മുൻപ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാൻ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവർത്തകരെയും അറിയിച്ചു. പക്ഷേ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയെ അപമാനിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. എം. കെ രാഘവൻ പറഞ്ഞതിൽ തെറ്റ് കണ്ടില്ല. അതുകൊണ്ടാണ്ട് അനുകൂലിച്ചത്. പുന:സംഘടനാ ചർച്ചക്ക് തന്നെയും ചെന്നിത്തലയെയും ക്ഷണിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു. നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ കെ പി സി സി എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നായിരുന്നു കെപിസിസി നിർദേശം.