ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു. പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെതിരെ നടപടി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പല തവണ ശിക്ഷണനടപടിക നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്ത സാഹചര്യത്തിലാണ് പിരിച്ചുവിടൽ. 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെൻഷനിൽ ആയിട്ടുണ്ട്. 11 തവണ വകുപ്പുതല നടപടികൾക്കുവിധേയനായി. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് നേരത്തേ നടപടികൾ നേരിട്ടത്.