കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള. വെബ് സീരീസ് ചെയ്യുന്നതിനെ കുറിച്ച് മാത്രം സംസാരിച്ചതിനെ വളച്ചൊടിക്കുകയായിരുന്നുവെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു വെബ് സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ചാറ്റ് ചെയ്തതും ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതുമെന്ന് ഇയാൾ പറയുന്നു. ഇത് സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റും പുറത്ത് വിട്ടു.
വാട്സ്ആപ്പിലടക്കം വിജേഷ് പിള്ള എന്നാണ് സ്വപ്നയോട് പരിചയപ്പെടുത്തിയത്. എന്നാൽ വിജയ് പിള്ള എന്നാണ് സ്വപ്ന എന്നെ പരിചയപ്പെടുത്തിയത്. എൻ്റെ പേരുപോലും അറിയാതെയാണ് സ്വപ്ന ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചതെന്ന് ഇയാൾ പറയുന്നു. കൂടാതെ, താൻ ബിജെപി അനുഭാവിയാണെന്നും, ബിജെപി പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും വിജേഷ് പറഞ്ഞു. സ്വർണ് ക്കടത്ത് കേസുമായി ബന്ധപ്പെട്ട വെബ്സീരീസ് തയ്യാറാക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്.
27-നാണ് ഇതുസംബന്ധിച്ച ആവശ്യത്തിന് ആദ്യമായി സ്വപ്നയെ വിളിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യമായി കണ്ടത്. അതിനു മുൻപ് തങ്ങൾ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും വിജേഷ് വ്യക്തമാക്കി. 30 കോടി കൊടുക്കാമെന്ന് സ്വപ്നയോട് പറഞ്ഞിട്ടില്ല. ഒ.ടി.ടി. സീരീസിൽനിന്ന് കിട്ടുന്ന വരുമാനത്തിൻ്റെ 30 ശതമാനം സ്വപ്നക്ക് കൊടുക്കാമെന്നാണ് അറിയിച്ചതെന്നും വിജേഷ് വെളിപ്പെടുത്തി.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയോ അദ്ദേഹത്തിൻ്റെ ബന്ധുക്കളെയോ കണ്ടിട്ടില്ല. ടി.വി.യിലും ചാനലിലുമൊക്കെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. സ്വപ്നയോട് അദ്ദേഹത്തിന്റെ നാട്ടുകാരനാണെന്ന് പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ ഗോവിന്ദൻ മാഷിൻ്റെ ഒക്കെ അടുത്താണെന്ന് നാട് പരിചയപ്പെടുത്താൻ വേണ്ടി പറഞ്ഞിരുന്നുവെന്നും വിജേഷ് പറഞ്ഞു. ആരോപണങ്ങൾ തെളിയിക്കുന്ന വീഡിയോകൾ ധൈര്യമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെ. സ്വപ്ന സുരേഷ് ബ്ലാക്ക് മെയിൽ ചെയ്യുന്നതായി ഡിജിപിക്ക് പരാതി നൽകിയതായും വിജേഷ് പറഞ്ഞു.