ന്യൂഡൽഹി: ഇന്ധനവില, പാചക വാതകം തുടങ്ങിയവയിലൂടെ എല്ലാം വില വർധിപ്പിച്ച് ജനത്തെ പിഴിയുന്ന കേന്ദ്ര സർക്കാറിൻ്റെ നയങ്ങൾക്ക് അവസാനമില്ല. ഇതിനെല്ലാം പുറമെ, ഇപ്പോൾ ടോൾ നിരക്കും കുത്തനെ വർധിപ്പിച്ച് പൊതുജനത്തിന് വീണ്ടും ഇരുട്ടടി നൽകുകയാണ് കേന്ദ്രം. ദേശീയപാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോൾ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും.
അഞ്ച് മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് തീരുമാനമെന്ന് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർ അറിയിച്ചു. മാർച്ച് 25നുള്ളിൽ പുതുക്കിയ ടോൾ നിരക്കുകളുടെ പട്ടിക എൻഎച്ച്എഐ കൈമാറും.
ഏപ്രിൽ ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. കാറുകൾക്കും മറ്റ് ലൈറ്റ് വെഹിക്കിളുകൾക്കും അഞ്ച് ശതമാനത്തിൻ്റെയും ഹെവി വെഹിക്കിളുകൾക്ക് 10 ശതമാനത്തിൻ്റെയും വർദ്ധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 2022 ലും ടോൾനിരക്കുകൾ 10 മുതൽ 15 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ദീർഘദൂര യാത്രികർക്ക് വലിയ തിരിച്ചടിയാണ് ടോൾ നിരക്ക് വർധനവ്.