തിരുവനന്തപുരം: അധികാരത്തിലേറിയ നാൾ മുതൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എൽ ഡി എഫ് സർക്കാർ മുൻതൂക്കം നൽകിയിട്ടുള്ളത്. സ്കൂൾ കെട്ടിടങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മിച്ചും സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയും സർക്കാർ സ്കൂളുകളുടെ തിളക്കം കൂട്ടുകയായിരുന്നു പിണറായി സർക്കാരിലൂടെ. ഈ മാറ്റം പൊതുവിദ്യാലയങ്ങളിലേയ്ക്കുള്ള കുട്ടികളുടെ വരവിന്റെ ആക്കം കൂട്ടി. ഇപ്പോൾ 43 സ്കൂൾ കെട്ടിടം കൂടി ഉദ്ഘാടനത്തിനായി സജ്ജമാവുകയാണ്.
51 കോടി രൂപ ചെലവിട്ടാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവിൽ നാല് കെട്ടിടവും ഒരു കോടി ചെലവിൽ 14 എണ്ണവും, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് എട്ടെണ്ണവും നബാർഡ് ഫണ്ടിലുള്ള അഞ്ചെണ്ണവും നിർമ്മിച്ചു. എസ്എസ്കെ ഫണ്ടിൽ മൂന്ന് കെട്ടിടവും സജ്ജമായി. സർക്കാരിൻ്റെ മൂന്നാം 100 ദിന കർമപരിപാടിയുടെ ഭാഗമായി ഇവ ഉടൻ നാടിന് സമർപ്പിക്കും. ഇടുക്കി- 4, പാലക്കാട്-5, മലപ്പുറം-12, വയനാട്-7, കണ്ണൂർ- 15 എന്നിങ്ങനെയാണ് നിർമിച്ചത്.
ഇതിനു പുറമെ, സംസ്ഥാനത്ത് 29 കോടി രൂപ ചെലവിൽ 11 സ്കൂൾ കെട്ടിടംകൂടി നിർമിക്കാൻ അനുമതിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കിഫ്ബിയിൽ മൂന്ന് കോടി ചെലവിൽ ഒമ്പതെണ്ണവും ഒരു കോടി ചെലവിൽ രണ്ടെണ്ണവുമാണ് നിർമിക്കുന്നത്. കാസർകോട്- 2, കണ്ണൂർ- 2, കോഴിക്കോട്- 1, മലപ്പുറം-2, തൃശൂർ-1, പാലക്കാട്-1, ആലപ്പുഴ-1, എറണാകുളം- 1 എന്നിങ്ങനെയാണ് കെട്ടിട നിർമാണം തുടങ്ങുന്നത്.