തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് സൃഷ്ടിച്ച വ്യാജ വാർത്ത ക്രിമിനൽ കുറ്റകൃത്യമാണെന്നും ഇതിൽ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ വിഷയമേ ഉൾപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴിൽ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുരുപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തതു സംബന്ധിച്ച് പി സി വിഷ്ണുനാഥ് എം എൽ എയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
വ്യാജ വീഡിയോ നിർമ്മാണവും അതിൻ്റെ സംപ്രഷണവും മാധ്യമപ്രർത്തനത്തിൻ്റെ ഭാഗമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളറിയാതെ അതിൽ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവർത്തനത്തിൻ്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവർത്തനമല്ല. ഇത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷംപേരും.
വ്യാജ വീഡിയോ ഉണ്ടാക്കൽ, പെൺകുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമ പ്രവർത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങൾക്കും വേണം എന്നാണ് വാദിക്കുന്നത്. നാളെ ഒരാൾ വാർത്താ സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സൽകൃത്യമാവുമോ?
ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബി ബി ബി സി ക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വർഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിർമ്മാണമോ? അത് ഏതെങ്കിലും സർക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതുകൊണ്ടുതന്നെ അതിൽ അധികാരത്തിലുള്ള ആർക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാൽ വിലപ്പോവില്ല. ആ വ്യാജവാർത്ത ഏതെങ്കിലും തരത്തിൽ ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ല.
ഒരു വ്യക്തി ഒരു സംഭവത്തിൻ്റെ കാര്യത്തിൽ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാൽ പോലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവൺമെന്റിലെങ്കിൽ അതാണോ ചെയ്യുക?
സർക്കാരിനെതിരായ വാർത്ത കൊടുത്തതിൻ്റെ പേരിൽ പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയർ, ന്യൂസ് ചെക്ക് എന്നിവയ്ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എൻഡി ടിവിക്കെതിരെ. ആ നടപടികൾ ഒന്നും വാർത്തേതര കാര്യങ്ങൾ മുൻനിർത്തിയല്ല. സർക്കാരിനെതിരെ വാർത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.
കുറ്റകൃത്യം ചെയ്യുന്നതു മാധ്യമ പ്രവർത്തകരാണെങ്കിൽ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐപിസിയും സി ആർപിസിയും. മാധ്യമ പ്രവർത്തകർ എന്നും അല്ലാത്തവർ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേർതിരിച്ചു കാണുന്നുമില്ല.
സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാവും. ഈ സർക്കാരിനെതിരെ എന്തെല്ലാം വിമർശനങ്ങൾ എഴുതി? എന്തെല്ലാം വിളിച്ചു പറഞ്ഞു? വല്ല നടപടിയും ഉണ്ടായോ? പകപോക്കലുണ്ടായോ? ഇല്ല. പക്ഷെ, അതുപോലല്ല ഈ പ്രമേയത്തിന് അടിസ്ഥാനമായ കുറ്റകൃത്യം. ഈശ്വരൻ തെറ്റു ചെയ്താൽ അതും താൻ റിപ്പോർട്ടു ചെയ്യും എന്നാണു സ്വദേശാഭിമാനി പറഞ്ഞത്. വ്യാജറിപ്പോർട്ടുകൾ നൽകുന്നവർക്ക് ആ പേര് ഉച്ചരിക്കാൻ പോലും അവകാശമില്ല. പെൺകുട്ടികളെ ദുരുപയോഗിച്ചു വ്യാജം സൃഷ്ടിക്കുന്നവർ ഉണ്ടാവുമെന്ന് സ്വപ്നത്തിൽപോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല.
കൊച്ചിയിൽ ഏഷ്യാനെറ്റിനെതിരെ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച പ്രതിഷേധം നിയമത്തിൻ്റെ അതിരു ലംഘിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാവും. അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനമേ ഉണ്ടായിട്ടുള്ളു എന്നുമാണ് വ്യാജ വീഡിയോ നിർമിച്ചെന്ന പരാതി നേരിടുന്ന ചാനലിലെ വിഷ്വലിൽ നിന്നുപോലും വ്യക്തമാവുന്നത്. അതേസമയം, പരാതിക്കു മേൽ നടപടി ഉണ്ടായിട്ടുമുണ്ട്.
മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്യമല്ല, മറിച്ച് വായനക്കാരൻ്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അതു സർക്കാർ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തിൽ നിന്നു ധാർമികത ചോർത്തിക്കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉൽക്കണ്ഠ പ്രകടിപ്പിക്കേണ്ടത്.
എതിരഭിപ്രായങ്ങൾ എഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോൺഗ്രസിൻ്റെയും ബി ജെ പിയുടെയും രീതിയാണ്. അടിയന്തരാവസ്ഥയിൽ നടന്ന സെൻസർഷിപ്പും കുൽദീപ് നയ്യാരെപ്പോലുള്ളവരുടെ അറസ്റ്റും മറക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആ വാർത്ത പുറത്തുവരുന്നത് തടയാൻ മാധ്യമങ്ങൾക്ക് വൈദ്യുതി നിഷേധിച്ചതും മറക്കാനാവില്ല. ഏഴു വിദേശ റിപ്പോർട്ടർമാരെ രാജ്യത്തിനു പുറത്താക്കി. 250 പത്രപ്രവർത്തകരെ ജയിലിലടച്ചു. 54 പേർക്ക് അക്രഡിറ്റേഷൻ നിഷേധിച്ചു. ഇത് കോൺഗ്രസ് രീതി. ഭീകരവിരുദ്ധ രീതികൾ വരെ പത്രക്കാർക്കെതിരെ പ്രയോഗിച്ചു. അതൊക്കെ നിങ്ങളുടെ, കോൺഗ്രസിൻ്റെ രീതി.
പത്രസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നതും പത്രക്കാരെ ജയിലിലടക്കുന്നതും പത്രമാരണ നിയമങ്ങൾ ഉണ്ടാക്കുന്നതും പത്രങ്ങളെ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത കോർപ്പറേറ്റുകളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതും പത്രങ്ങൾക്ക് ന്യൂസ്പ്രിന്റ് ക്വാട്ട വെട്ടിക്കുറക്കുന്നതും പരസ്യങ്ങൾ നിഷേധിക്കുന്നതും നിങ്ങൾ ഇരുകൂട്ടരുടെയും രീതി. വാർത്താ ഏജൻസികളെ സമാഹരിച്ച് സംഘപരിവാറിൻ്റെ കീഴിലാക്കുന്നതും പത്രസ്ഥാപനങ്ങൾ വരെ പൂട്ടിക്കുന്നതും ഒക്കെ നിങ്ങളുടെ രീതി. ഇതൊന്നും ഞങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കേണ്ട. ഞങ്ങളെന്നും, എപ്പോഴും, നാളെയും മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഇനി പോരാടുകയും ചെയ്യും.
ദേശാഭിമാനി റിപ്പോർട്ടറെ പ്രതിപക്ഷ പത്രസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടിട്ട് ഇവിടെ പ്രതിഷേധമൊന്നും കണ്ടില്ല. എവിടെയോ ചില ഇരട്ടത്താപ്പുകൾ ഉണ്ട്.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് വന്ന് ചില പ്രത്യേക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ കണ്ടു. അതുമുതൽ ഇവിടെ ഇടതുപക്ഷ വേട്ട ചില മാധ്യമസ്ഥാപനങ്ങൾ ശക്തമാക്കി. മുൻപ് ഗുജറാത്തിൽ കണ്ടതുപോലെയുള്ള വ്യാജവാർത്തകളുടെ നിർമ്മിതിയും പ്രചാരണവും. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ഇപ്പോൾ ഈ നോട്ടീസിന് ആധാരമായ പ്രശ്നവും ഗവൺമെന്റിനെ ബാധിക്കുന്നതല്ല. ഒരു കുറ്റകൃത്യം നടന്നു. നിയമം അതിൻ്റെ വഴിയേ പോകുന്നു, കുറ്റകൃത്യത്തെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ പരിവേഷം അണിയിച്ച് ന്യായീകരിക്കാൻ നിങ്ങൾ ശ്രമിക്കുന്നു. ജനങ്ങൾക്കു സത്യമറിയാം. നിയമം നിയമത്തിൻ്റെ വഴിക്കേ പോകൂ.
വ്യാജ വാർത്തകളുടെ ഈ കാലത്ത് ഇരയാക്കപ്പെടുന്നത് സത്യമാണെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. വ്യാജവാർത്തകൾ സമൂഹത്തെ കാർന്നുതിന്നുന്ന കാലമാണിത്. സർക്കാരിനെതിരെ തുടർച്ചയായി വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ ഇവിടെയുണ്ട്. ഇതിലൊന്നും ഞങ്ങൾ ഭയചകിതരായിട്ടില്ല. എത്ര തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാലും ചർച്ചകൾ സംഘടിപ്പിച്ചാലും ഞങ്ങളെക്കുറിച്ച് ജനങ്ങൾ തെറ്റായി ചിന്തിക്കില്ല എന്ന നല്ല ബോധ്യവും ഞങ്ങൾക്കുണ്ട്.
മയക്കുമരുന്നിനെതിരെ നാടൊന്നാകെ പോരാട്ടത്തിൽ ഏർപ്പെടുന്ന ഘട്ടമാണിത്. അതിൽ മാധ്യമങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ജനങ്ങളൊന്നാകെയും പങ്കാളികളാകുന്നു. ആ പോരാട്ടത്തിൽ പങ്കുചേർന്ന് മയക്കുമരുന്ന് വ്യാപനത്തിനെതിരായ വാർത്താ പരമ്പര സംപ്രേഷണം ചെയ്യുന്നതിൽ നമ്മുക്കെല്ലാവർക്കും സന്തോഷമേയുള്ളു. അത്തരമൊരു പരമ്പരയിൽ, വ്യാജ ദൃശ്യങ്ങൾ ഉൾച്ചേർത്തു, പ്രായപൂർത്തിയാകാത്ത കുട്ടിയെ തെറ്റായി ചിത്രീകരിച്ചു, അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയുടെ മകളെ ക്യാമറക്ക് മുന്നിൽ സ്കൂൾ യൂണിഫോമിൽ കൊണ്ടിരുത്തി എന്നാണ് പരാതി. അങ്ങനെ ഒന്നു വന്നാൽ പൊലീസ് എന്താണു ചെയ്യേണ്ടത്? അതൊക്കെ മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിധിച്ച് അനങ്ങാതിരിക്കണോ? മാധ്യമത്തിൻ്റെ അനിഷ്ടം ഭയന്ന് നിഷ്ക്രിയമാകണോ?
അതിനു രണ്ടിനും സാധ്യമല്ല എന്ന് വ്യക്തമാക്കട്ടെ. ലഭിച്ച പരാതിയിൽ ശാസ്ത്രീയമായ അന്വേഷണം നടക്കും. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ നിയമത്തിനുമുന്നിലെത്തിക്കും. കുറ്റം ആരുചെയ്താലും ആ നിലപാടിൽ മാറ്റമില്ല. ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിനു നേരെയുള്ള അപരാധമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാൻ മാധ്യമപ്രവർത്തകരും സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച്, അഥവാ ആ പരാതിയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നത്?
കോൺഗ്രസ്സ് ഭരണകാലത്ത് ബിബിസിയുടെ ഇന്ത്യൻ ചീഫായ മാർക്ക് ടെല്ലിയെ അറസ്റ്റു ചെയ്ത് പാന്റൂരി ബെൽറ്റുകൊണ്ട് അടിക്കാനാണ് സഞ്ജയ് ഗാന്ധി ഗുജ്റാളിനോട് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷത്തെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്തായിരുന്നു അന്ന് ബിബിസി ചെയ്ത തെറ്റ്? ജഗ്ജീവൻ റാമിനെ ഇന്ദിരാ സർക്കാർ വീട്ടുതടങ്കലിൽ ആക്കി എന്ന വാർത്ത റിപ്പോർട്ട് ചെയ്തു എന്നതാണ് ബിബിസി ചെയ്ത കുറ്റം. ബിബിസിയുടെ അന്നത്തെ ഇന്ത്യയിലെ തലവനായ മാർക്ക് ടെല്ലി തൻ്റെ ‘രാജ് ടു രാജീവ്’ എന്ന പുസ്തകത്തിൽ ഇക്കാര്യം പിന്നീട് എഴുതിയപ്പോഴാണ് ലോകം ഇതറിഞ്ഞത്.
താളത്തിനു തുള്ളാത്തതിന് ഗുജറാളിനെ വകുപ്പ്മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനാണ് ഇന്ദിരാഗാന്ധി തയ്യാറായത്. പകരം വിസി ശുക്ലയെ അവരോധിച്ചു. അക്കാലത്ത് ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിൻ്റെ ഗ്രൂപ്പ് ഓഫീസ്സുകളിൽ എത്ര വട്ടം റെയ്ഡ് നടന്നു? വാർത്താ ഏജൻസികൾ പിടിച്ചെടുത്ത് സർക്കാരിൻ്റെ നിയന്ത്രണത്തിലാക്കി. ഇത് തന്നെയല്ലേ ഇപ്പോൾ ബി ജെ പി സർക്കാരും തുടരുന്ന പാത? നിങ്ങൾ പി ടി ഐ, യു എൻ ഐ എന്നിവയെ ഒന്നിച്ചുചേർത്ത് ‘സമാചാർ’ എന്ന ഒറ്റ ഏജൻസിയാക്കി. നിയന്ത്രണം പോലീസ് ഓഫീസ്സറായ കെ എൻ പ്രസാദിനു നൽകി. ഗീബൽസിനെ വെല്ലുന്ന നുണപ്രചാരണമാണ് പിന്നെ നടന്നത്. പത്രമോഫീസ്സുകൾ പോലീസ് ഓഫീസ്സർമാരുടേയും സെൻസർമാരുടേയും കേന്ദ്രങ്ങളായി മാറി. ഇപ്പോൾ ദൂരദർശനും ആകാശവാണിക്കും വാർത്ത നൽകാൻ സംഘപരിവാർ ഏജൻസിയെ ഏൽപ്പിക്കുന്നു. എന്താണ് വ്യത്യാസം?
ബിബിസിക്കെതിരെ മോഡി സർക്കാർ എടുത്ത നടപടിയും നിങ്ങൾ ചെയ്ത കാര്യങ്ങളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇവിടെ ആ ബിബിസിയുമായിട്ടാണോ പെൺകുട്ടിയെ വ്യാജ വീഡിയോയിൽ ചിത്രീകരിച്ചതിനെ നിങ്ങൾ താരതമ്യം ചെയ്തത്. ഒരു കാര്യം കൂടി സൂചിപ്പിക്കാം. മയക്കുമരുന്നിനെതിരെ പരമ്പര ചെയ്തത് കൊണ്ടാണ് കേസെടുത്തത്, പോലീസ് തിടുക്കപ്പെട്ട് നടപടികളെടുക്കുന്നു എന്ന് പറയുന്നത് കേട്ടു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഈ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും അണിചേർന്നിട്ടുണ്ട്. ശക്തമായ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. അക്കൂട്ടത്തിൽ സർക്കാരിനെ അതി നിശിതമായി വിമർശിക്കുന്ന മാധ്യമങ്ങളും ഉണ്ട്. അവരൊന്നും തങ്ങളുടെ റിപ്പോർട്ടിങ്ങിൽ ഇങ്ങനെ ഒരു കുറ്റകൃത്യം നടത്തിയതായി പരാതി ഉയർന്നിട്ടില്ല. ഉയർന്നു വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുറ്റം ചെയ്തു എന്ന് സംശയിക്കപ്പെടുന്നവരുടെ വലുപ്പം നോക്കി കേസ് അന്വേഷണത്തിൻ്റെ വേഗം കുറയ്ക്കാമെന്നാണോ ആഗ്രഹം? നിയമത്തിനു മുമ്പിലുള്ള സമത്വവും തുല്യമായ പരിരക്ഷയും നിയമ സംരക്ഷണവും ഉറപ്പു നൽകുന്ന ഭരണഘടന ഉള്ള രാജ്യമാണിത്. ഒരാൾക്കും പ്രത്യേക ആനുകൂല്യമോ പ്രത്യേക പരിരക്ഷയോ നൽകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.
മാധ്യമ വിമർശനങ്ങൾ സാധാരണ നിലയിൽ ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. വിമർശനങ്ങൾ സ്വയംവിമർശനങ്ങളിലേക്കും തിരുത്തലിലേക്കും നയിക്കും എന്ന് കരുതുന്നവരാണ് ഞങ്ങൾ. എന്നാൽ വിമർശനത്തിൻ്റെ പേരിൽ വ്യാജ നിർമ്മിതികൾ ഉണ്ടായാലോ? അതിനെ തടയാൻ നിയമങ്ങളുണ്ട്. ആ നിയമങ്ങളെ വെല്ലുവിളിക്കരുത്. നീതി നടപ്പാക്കുന്നതിന് കൂച്ചുവിലങ്ങിടരുത്. അത്തരം ശ്രമങ്ങൾ ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.